അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; ഏറെനാളായി അസുഖബാധിതയായിരുന്നു
ന്യൂഡല്‍ഹി: കോക്ക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദീപ്‌കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സാന്തുക് പിംപ്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതയായിരുന്നു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയില്‍ തുടരുന്നതിനിടെയാണ് മുത്തശ്ശിയുടെ മരണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിനു മുന്നോടിയായാണ് അഭിജീത് ദീപ്കെ പൊലീസ് അറസ്റ്റ് ചെയ്തത്.
സാവിത്രിഭായിയുടെ അന്ത്യകര്‍മങ്ങള്‍ ഞായറാഴ്ച രാവിലെ 9.30നും 10നും ഇടയില്‍ നടക്കുമെന്ന് അഭിജീത് ദീപ്കെയുടെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജന്തര്‍ മന്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദീപ്കെ. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയതിന് പിന്നാലെ ദീപ്കെയെയും മറ്റ് സിജെപി സഹനേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ്‌ഐആറിനിടെ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടന്നുവെന്നും വോട്ടര്‍ രജിസ്‌ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6 സംബന്ധിച്ച മാറ്റങ്ങളില്‍ ക്രമക്കേടുകളുണ്ടെന്നും ആരോപിച്ചായിരുന്നു സിജെപി പ്രതിഷേധം പ്രഖ്യാപിച്ചത്. എന്നാല്‍ ഡല്‍ഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിക്കുകയും ഡല്‍ഹി മേഖലയില്‍ കര്‍ശന നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
മൂന്ന് നേതാക്കളും കസ്റ്റഡിയിലായതോടെ സംഘടനയുടെ ചുമതലയുള്ള അജിങ്ക്യ ഷിന്‍ഡെയാണ് സിജെപി പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. അഭിജീത് ദീപ്കെയെയും സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും പൊലീസ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അഭിഭാഷകരെ കാണാനോ മറ്റുള്ളവരുമായി ബന്ധപ്പെടാനോ അനുവദിക്കുന്നില്ലെന്നും പാര്‍ട്ടി ആരോപിച്ചു.
