ട്രാവൽ ഇൻഷുറൻസില്ല; ഉംറ കഴിഞ്ഞ് മടങ്ങിയ മലയാളിക്ക് മസ്കത്തിൽ 20 ലക്ഷത്തിന്റെ ആശുപത്രി ബിൽ
മസ്കത്ത്: യാത്രയ്ക്കിടെ ട്രാവൽ ഇൻഷുറൻസ് കൃത്യമായി ഉറപ്പുവരുത്താതിരുന്നതിനെ തുടർന്ന്, ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി തീർഥാടകന് വിദേശത്ത് അടക്കേണ്ടി വന്നത് 20 ലക്ഷത്തോളം രൂപയുടെ ആശുപത്രി ബിൽ. ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട എറണാകുളം സ്വദേശിക്കാണ് ഈ ഭീമമായ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നത്. തുടർന്ന് അടിയന്തര സാഹചര്യം പരിഗണിച്ച് വിമാനം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയും, യാത്രക്കാരനെ ഉടൻ മസ്കത്തിലെ കിംസ് ആശുപത്രിയിലും തുടർന്ന് റൂവിയിലെ ബദർ അൽ സമാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മതിയായ മെഡിക്കൽ പരിരക്ഷയുള്ള ട്രാവൽ ഇൻഷുറൻസ് ഏജൻസി ഉറപ്പുവരുത്താതിരുന്നതും യാത്രക്കാരൻ ഇത് ശ്രദ്ധിക്കാതിരുന്നതുമാണ് ദിവസങ്ങൾക്കകം ഇത്രയും വലിയ തുക ബാധ്യതയാവാൻ ഇടയാക്കിയത്. മസ്കത്ത് കെഎംസിസി പ്രവർത്തകർ ഇടപെട്ട് ആവശ്യമായ മെഡിക്കൽ സഹായങ്ങളോടെ അദ്ദേഹത്തെ പിന്നീട് നാട്ടിലേക്ക് അയച്ചു.
വിമാനയാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ വിമാനം ഏത് രാജ്യത്താണ് എമർജൻസി ലാൻഡിംഗ് നടത്തുകയെന്ന് മുൻകൂട്ടി പ്രവചിക്കാനാകില്ലെന്നിരിക്കെ, ഇത്തരം സംഭവങ്ങൾ ഓരോ യാത്രക്കാരനും വലിയൊരു മുന്നറിയിപ്പാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വിദേശത്തെ ആശുപത്രി ചികിത്സ, ഡയാലിസിസ് അടക്കമുള്ള തീവ്രപരിചരണങ്ങൾ, എയർപോർട്ട് എമർജൻസി ചാർജുകൾ, വിമാന ടിക്കറ്റ് തീയതി മാറ്റൽ എന്നിവയ്ക്ക് വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. അതിനാൽ വിദേശയാത്രകൾക്ക് മുൻപായി മെഡിക്കൽ എമർജൻസിയും ഡയാലിസിസ് ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സാ പരിരക്ഷയും ഉൾപ്പെടുന്ന സമഗ്രമായ ട്രാവൽ ഇൻഷുറൻസ് ഉണ്ടെന്ന് ഓരോ യാത്രക്കാരനും ട്രാവൽ ഏജൻസികളും നിർബന്ധമായും ഉറപ്പുവരുത്തണമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.
