ത്രിപുര വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പ്; തൂത്തുവാരി തിപ്രമോത; രണ്ടാമത് ബിജെപി, സിപിഎമ്മിന് 87 സീറ്റുകൾ

Share our post

അഗർത്തല: ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (TTAADC) വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നിർണ്ണായക വിജയം നേടി തിപ്ര മോത പാർട്ടി. 4,597 സീറ്റുകൾ അടങ്ങുന്ന 587 വില്ലേജ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 1644 സീറ്റുകളിൽ എതിരില്ലാതെ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കി 2950 സീറ്റുകളിലേക്കാണ് മത്സരം നടന്നത്.

മത്സരിച്ച് വിജയിച്ചതും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതും അടക്കം തിപ്രമോത പാർട്ടി 3428 സീറ്റുകളാണ് സ്വന്തമാക്കിയത്. അതായത് മൊത്തം സീറ്റുകളുടെ 74.62 ശതമാനം തിപ്രമോത കരസ്ഥമാക്കി. 859 സീറ്റുകളോടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. 173 സീറ്റുകൾ സ്വതന്ത്രർ നേടിയപ്പോൾ 87 സീറ്റുകളിലാണ് സിപിഎം വിജയിച്ചത്. ഐപിഎഫ്ടി 33 സീറ്റുകളിലും കോൺഗ്രസ് 14 ഇടങ്ങളിലും വിജയിച്ചു.

ത്രിപുരയിലെ ആദിവാസി മേഖലകളിലെ തദ്ദേശ സ്വയംഭരണ സമിതിയാണ് വില്ലേജ് കമ്മിറ്റികൾ. സെപ്റ്റംബർ 28 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ത്രിപുരയുടെ മൂന്നിൽരണ്ട് ഭാഗം ഉൾക്കൊള്ളുന്നതും 60 അംഗ നിയമസഭയിലെ 20 എം.എൽ.എമാരെ അയക്കുന്നതുമായ പ്രദേശത്താണ് തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാണ്. ബിജെപി ഭരിക്കുന്ന മുന്നണിയുടെ ഭാഗമാണ് തിപ്രമോതയെങ്കിലും TTAADC വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും പരസ്പരം മത്സരം നടന്നിരുന്നു. ഏപ്രിലിൽ നടന്ന ട്രൈബൽ കൗൺസിൽ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. ഈ തിരഞ്ഞെടുപ്പിൽ തിപ്രമോത 28ൽ 24 സീറ്റുകൾ നേടുകയുണ്ടായി.

2023-ലെ തിരഞ്ഞെടുപ്പിലെ തങ്ങളുടെ കന്നിപ്പോരാട്ടത്തിൽ 13 സീറ്റുകളോടെ തിപ്രമോത പാർട്ടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പിന്നീട് എൻഡിഎ സർക്കാരിന്റെ ഭാഗമാകുകയും ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!