വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്നവർ എപ്പോഴും പറയുന്ന 10 കാര്യങ്ങൾ; മടിയല്ല, കാരണമിതാണ്!
പുറത്തുപോകാനോ സുഹൃത്തുക്കളെ കാണാനോ താല്പര്യമില്ലാതെ മിക്കവാറും വീട്ടിൽ തന്നെ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. പലപ്പോഴും നേരത്തെ പ്ലാൻ ചെയ്ത യാത്രകളോ ഒത്തുചേരലുകളോ അവസാന നിമിഷം ഇവർ വേണ്ടെന്നുവെക്കും. എന്നാൽ ഇത് മറ്റുള്ളവരോടുള്ള വെറുപ്പുകൊണ്ടോ അവരെ ഒഴിവാക്കാനോ അല്ലെന്നാണ് മനഃശാസ്ത്രം പറയുന്നത്!]
ഓരോരുത്തരുടെയും വൈകാരികമായ ഊർജം, മാനസിക സമ്മർദം, അന്തർമുഖത്വം തുടങ്ങിയ വ്യക്തിത്വ സവിശേഷതകളാണ് ഇതിന് കാരണം. മാനസികമായ ക്ഷീണം അകറ്റാനും, സ്വകാര്യത നിലനിർത്താനും, ശാന്തവും സുരക്ഷിതവുമായ ഒരിടം തിരഞ്ഞെടുക്കാനുമാണ് ഇവർ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്.
പുറത്തുപോകാൻ മടിക്കുന്നവർ സാധാരണയായി ഉപയോഗിക്കുന്ന 10 ഡയലോഗുകൾ
നേരിട്ട് ‘നോ’ പറയാൻ ബുദ്ധിമുട്ടുള്ളവർ ഉപയോഗിക്കാറുള്ള പ്രധാന പരോക്ഷ കാരണങ്ങൾ ഇവയാണ്:
1. “നോക്കട്ടെ” / “ചിലപ്പോ വരും”
കൃത്യമായൊരു ഉറപ്പ് നൽകാതെ, എന്നാൽ സാധ്യതകൾ പൂർണമായും അടയ്ക്കാതിരിക്കാൻ ഉപയോഗിക്കുന്ന വാക്കാണിത്. ആ സമയത്ത് തന്റെ മൂഡ് എങ്ങനെയായിരിക്കുമെന്ന് ഉറപ്പില്ലാത്തപ്പോഴാണ് പലരും ഈ വാക്ക് ഉപയോഗിക്കുന്നത്.
2. “ഞാനിപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ്”
മാനസികമായി വലിയ സമ്മർദം അനുഭവിക്കുമ്പോഴാണ് ഈ വാചകം ഉപയോഗിക്കുന്നത്. ജോലിസ്ഥലത്തെ സമ്മർദമോ വൈകാരികമായ ക്ഷീണമോ ഒക്കെയാകാം ഇതിന് കാരണം. കാര്യങ്ങൾ വിശദീകരിക്കുന്നതിന് പകരം, തനിക്ക് കുറച്ച് സ്വസ്ഥത വേണമെന്ന് പരോക്ഷമായി പറയുകയാണിവിടെ.
3. “എനിക്ക് വേറെ കുറച്ച് പ്ലാനുണ്ട്”
നേരിട്ട് വരാൻ കഴിയില്ല എന്ന് പറയാൻ ബുദ്ധിമുട്ടുള്ളവർ ഉപയോഗിക്കുന്ന പ്രധാന ഡയലോഗാണിത്. അവർക്ക് ശരിക്കും മറ്റ് പ്ലാനുകൾ ഉണ്ടാകണമെന്നില്ല, എന്നാൽ മറ്റൊരാളെ പിണക്കാതെ ഒഴിഞ്ഞുമാറാനുള്ള എളുപ്പവഴിയാണിത്.
4. “വല്ലാത്ത ക്ഷീണം / ഇന്ന് ഭയങ്കര തിരക്കായിരുന്നു”
ഏതൊരു പരിപാടിയും ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ കാരണമാണിത്. ശാരീരികമായ ക്ഷീണം മാത്രമല്ല, ജോലിസ്ഥലത്തെ വൈകാരികമായ തളർച്ചയും ഇതിന് കാരണമാകാം. പ്രത്യേകിച്ച് ഇൻട്രോവേർട്ടുകൾക്ക്, തിരക്കേറിയ ഒരു ദിവസത്തിന് ശേഷം മറ്റുള്ളവരുമായി സംസാരിക്കുന്നത് പോലും വലിയ ബുദ്ധിമുട്ടായിരിക്കും.
5. “വെറുതെയിരിക്കാൻ ഒട്ടും സമയം കിട്ടുന്നില്ല”
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, കുറച്ച് സമയം ‘വെറുതെയിരിക്കുക’ എന്നത് വലിയൊരു ആശ്വാസമാണ്. വെറുതെയിരിക്കുന്നത് സമയനഷ്ടമല്ലെന്ന് ആരോഗ്യ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ, അവർ മറ്റുള്ളവരുമായി ഇടപഴകുന്നതിനേക്കാൾ സ്വന്തം വിശ്രമത്തിന് പ്രാധാന്യം നൽകുന്നു എന്നാണ് അർഥം.
6. “അടുത്ത തവണ നോക്കാം”
വരാൻ കഴിയില്ല എന്ന് നേരിട്ട് പറയാതിരിക്കാനുള്ള മറ്റൊരു എളുപ്പവഴിയാണിത്. ഭാവിയിൽ വരാമെന്നൊരു പ്രതീക്ഷ നൽകുന്നതിലൂടെ, യാതൊരു കുറ്റബോധവുമില്ലാതെ പിന്മാറാൻ ഈ വാക്ക് സഹായിക്കും.
7. “ഞാൻ പിന്നെ പറയാം”
തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ടാണ് ഈ വാചകം കാണിക്കുന്നത്. പിന്നീട് പോകാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തപ്പോഴോ, അല്ലെങ്കിൽ പോകാൻ തീരെ താല്പര്യമില്ലെങ്കിലും ഉടൻ തന്നെ ‘വരുന്നില്ല’ എന്ന് പറയാൻ മടിക്കുന്നവരോ ആണ് ഈ വാചകം ഉപയോഗിക്കുന്നത്.
8. “എനിക്ക് വയ്യ / സുഖമില്ല”
അവസാന നിമിഷം പ്ലാനുകൾ കാൻസൽ ചെയ്യാനുള്ള ഏറ്റവും വേഗത്തിലുള്ളതും എല്ലാവരും അംഗീകരിക്കുന്നതുമായ കാരണമാണിത്. കൂടുതൽ വിശദീകരണങ്ങൾ നൽകാതെ വീട്ടിൽ തന്നെ ഇരിക്കാൻ ഇത് സഹായിക്കും.
9. “ഞാൻ ഇതിൽ നിന്ന് മാറിനിൽക്കാം”
ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വളരെ ശാന്തമായി മാറിനിൽക്കാൻ ആഗ്രഹിക്കുമ്പോൾ പറയുന്നതാണിത്. മറ്റുള്ളവരെ ഒഴിവാക്കുന്നതിനേക്കാൾ, തനിക്ക് ശാന്തമായ ഒരിടം വേണമെന്ന ആവശ്യമാണിത് കാണിക്കുന്നത്.
10. “എനിക്ക് കുറച്ച് സമയം ഒറ്റയ്ക്ക് ഇരിക്കണം”
ഇൻട്രോവേർട്ടുകൾ ഉപയോഗിക്കുന്ന ഏറ്റവും സത്യസന്ധവും നേരിട്ടുള്ളതുമായ വാചകമാണിത്. യാതൊരു ഒഴിവുകഴിവുകളുമില്ലാതെ അവർക്ക് ഏകാന്തത വേണമെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. ഇതിനർഥം അവർ മറ്റുള്ളവരെ വെറുക്കുന്നു എന്നല്ല, മറിച്ച് റീചാർജ് ചെയ്യാൻ അവർക്ക് സമയം ആവശ്യമാണ് എന്നാണ്.
ഈ വാക്കുകൾ എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?
വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മറ്റുള്ളവരെ ഒഴിവാക്കുകയല്ല, മറിച്ച് അവരുടെ കുറഞ്ഞ സാമൂഹിക ഊർജത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ആളുകളുമായി ഇടപഴകിയതിന് ശേഷം തങ്ങളുടെ ഏകാഗ്രതയും വൈകാരിക സന്തുലിതാവസ്ഥയും വീണ്ടെടുക്കാൻ ഏകാന്തത അത്യാവശ്യമാണെന്ന് ഇൻട്രോവേർഷൻ പഠനങ്ങൾ വ്യക്തമാക്കുന്നു.
ബന്ധങ്ങളിൽ സത്യസന്ധത പുലർത്തേണ്ടത് പ്രധാനമാണെങ്കിലും, നേരിട്ട് ‘നോ’ പറയാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ സ്വന്തം സ്വകാര്യത സംരക്ഷിക്കാനാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്. “അടുത്ത തവണ വരാം” എന്നായാലും “കുറച്ചുനേരം ഒറ്റയ്ക്കിരിക്കണം” എന്നായാലും അതിന് പിന്നിലെ അർഥം ഒന്ന് മാത്രമാണ്; തങ്ങൾക്ക് സ്വസ്ഥമായി ഇരിക്കാനും നഷ്ടപ്പെട്ട ഊർജം വീണ്ടെടുക്കാനും കുറച്ച് സമയം ആവശ്യമാണെന്ന് മാത്രം!
