രോഗികൾക്ക് മരുന്ന് കിട്ടുന്നുണ്ടോ?; പരിശോധനാ സമിതികൾ രൂപീകരിക്കുന്നു
കൊച്ചി: സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യമല്ലെന്ന പരാതികൾ ശക്തമായതോടെ വിഷയത്തിൽ ഇടപെട്ട് മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിലെ മരുന്ന് ലഭ്യത സംബന്ധിച്ച് കൃത്യവും യഥാർഥവുമായ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മരുന്നുകളുടെ ലഭ്യത നിരീക്ഷിക്കാൻ പ്രത്യേക സമിതികൾ രൂപീകരിക്കും.
സമിതികൾ രൂപീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. അഡീഷണൽ ഡിഎംഒ അല്ലെങ്കിൽ ഡെപ്യൂട്ടി ഡിഎംഒ ആയിരിക്കും ജില്ലാതല സമിതിയുടെ കൺവീനർ. രേഖകളിൽ മരുന്ന് സ്റ്റോക്കുണ്ടെന്ന് കാണിക്കുന്നതിൽ മാത്രം പരിശോധന ഒതുക്കരുതെന്നും രോഗികൾക്ക് മരുന്നുകൾ യഥാർഥത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനായി ജില്ലാതല സമിതികൾ എല്ലാ ആഴ്ചയും ആശുപത്രികളിലെ ഫാർമസികളിലും സ്റ്റോറുകളിലും നേരിട്ടെത്തി പരിശോധന നടത്തണം. പരിശോധനയുടെ അടിസ്ഥാനത്തിൽ കൃത്യമായ റിപ്പോർട്ടും തയാറാക്കണം. ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്ന മരുന്ന് സ്റ്റോക്കും ആശുപത്രികളിലെ യഥാർഥ ലഭ്യതയും തമ്മിൽ വ്യത്യാസമുണ്ടോയെന്നും സമിതി പരിശോധിക്കും.
