സുഹൃത്തുമായി ഫോണിൽ സംസാരിച്ചതിന് പ്രായപൂർത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചെന്ന് പരാതി; ഒത്താശ ചെയ്തത് അമ്മ

Share our post

ഗാന്ധിനഗർ: സുഹൃത്തുമായി ഫോണിൽ സംസാരിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും പിതാവ് പലതവണ പീഡിപ്പിക്കുകയും ചെയ്തതായി പരാതി. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള അഞ്ജാറിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. അമ്മയുടെ സാന്നിധ്യത്തിലാണ് പീഡനം നടന്നതെന്നും വിവരം പുറത്തുപറയാതിരിക്കാൻ അമ്മ നഗ്‌നചിത്രങ്ങൾ പകർത്തിയെന്നും പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 15-നും ഒക്ടോബർ ഒന്നിനും ഇടയിൽ 18 ദിവസങ്ങളിലായി അഞ്ചുതവണ പിതാവ് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. സെപ്റ്റംബർ 14-ന് ഉച്ചയ്ക്ക് പെൺകുട്ടി ഫോണിൽ സംസാരിക്കുന്നത് കണ്ട അമ്മ, അച്ഛൻ ജോലികഴിഞ്ഞ് എത്തിയപ്പോൾ മകൾക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് പിതാവ് കുട്ടിയെ ക്രൂരമായി മർദിക്കുകയും ഭക്ഷണവും വെള്ളവും നൽകാതെ മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ മാതാപിതാക്കൾ ചേർന്ന് തന്നെ ബലമായി വിവസ്ത്രയാക്കുകയും പിതാവ് അമ്മയുടെ മുന്നിൽവെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് കുട്ടി പരാതിയിൽ പറയുന്നു. സെപ്റ്റംബർ 15, 16, 17 തീയതികളിൽ ഇത് ആവർത്തിച്ചു. പിന്നീട് സെപ്റ്റംബർ 29-നും ക്രൂരത തുടർന്നു. അന്ന് രാവിലെ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലെത്തി കുട്ടി 112 എന്ന അടിയന്തര നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യർഥിച്ചെങ്കിലും, മാതാപിതാക്കൾ ഫോൺ പിടിച്ചുവാങ്ങി സ്വിച്ച് ഓഫ് ചെയ്തതിനാൽ ആദ്യഘട്ടത്തിൽ പൊലീസിന് കൃത്യമായ വിവരങ്ങൾ കണ്ടെത്താനായില്ല.
തുടർന്ന് ഒക്ടോബർ ഒന്നിന് രാത്രി വീണ്ടും പിതാവ് പീഡിപ്പിച്ചതായും ഈ സമയം അമ്മ കുട്ടിയുടെ നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും പരാതിയിലുണ്ട്. ഒക്ടോബർ രണ്ടിന് പിതാവ് ജോലിക്ക് പോയ സമയം നോക്കി ബന്ധുവീട്ടിലെത്തിയ പെൺകുട്ടി വീണ്ടും പൊലീസിന്റെ 112 നമ്പറിലും 181 അഭയം ഹെൽപ്ലൈനിലും വിളിച്ച് കൃത്യമായ വിലാസം കൈമാറുകയായിരുന്നു.

വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തുകയും മാതാപിതാക്കൾക്കെതിരെ കേസെടുത്ത് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം അങ്ങേയറ്റം ലജ്ജാകരമാണെന്നും പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഈസ്റ്റ് കച്ച് അഞ്ജാർ ഡിവൈഎസ്പി മുകേഷ് ചൗധരി വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!