‘പ്രതീക്ഷ മങ്ങുന്നു, സ്‌പോൺസേർഡ് സർക്കാരാണോ എന്ന ചോദ്യം പ്രസക്തം’; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സത്യദീപം
പത്തനംതിട്ട: സർക്കാരിന് നഷ്ടമുണ്ടാകാത്തതെല്ലാം ധാർമ്മികമായി സാധ്യമാണോയെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ ‘സത്യദീപം’. ഇവിടെയാണ് വി.ഡി.എസ്. സർക്കാർ ഒരു സ്‌പോൺസേർഡ് സർക്കാരാണോ എന്ന ചോദ്യം പ്രസക്തമാകുന്നത്. സ്പോൺസർ ചെയ്യുന്നവരുടെ താത്പര്യങ്ങളുടെ സമ്മർദ്ദമില്ലാതെ, സുതാര്യമായി തുടരുന്ന സർക്കാരിനെയാണ് ജനം അധികാരമേൽപ്പിച്ചതെന്ന് മറക്കരുത് -പുതിയലക്കം കവർസ്റ്റോറി വിമർശിക്കുന്നു. മുൻ എഡിറ്റർ കൂടിയായ ഫാ.മാത്യു കിലുക്കനാണ് എഴുതിയത്.
ലേഖനത്തിന്റെ ചുരുക്കം
തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതു നേരത്തേയും സംഭവിച്ചിട്ടുണ്ടല്ലോ എന്ന മറുപടി ഒരു മറുപടി പോലുമല്ല. വിദേശയാത്രകൾക്കായി മന്ത്രിമാർ നിരനിരയായി നിൽക്കുമ്പോൾ അത് ആരുടെയൊക്കെ ചെലവിലെന്ന ചോദ്യംപോലെതന്നെ പ്രധാനമാണ് അതെല്ലാം അനിവാര്യമാണോ എന്നതും. മന്ത്രിമാർക്കും സ്വകാര്യനിമിഷങ്ങൾ ആവശ്യമല്ലേ എന്ന് ഒരു ജെൻസി മന്ത്രി ചോദിക്കുമ്പോൾ തന്റെ സ്വകാര്യതയിൽപ്പോലും സുതാര്യതയുടെ സന്ദേശമുണർത്തിയ ഒരു മുൻ മുഖ്യമന്ത്രിയെ ഓർത്തുപോകുന്നു.
ജനക്കൂട്ടത്തിലല്ലാത്തപ്പോൾ ശരിക്കും ശ്വാസംമുട്ടുമായിരുന്ന, ജനകീയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശിഷ്യരൊക്കെത്തന്നെയാണ് വി.ഡി.എസ്. സർക്കാരിലെ മുൻനിരക്കാർ എന്നതും ആശ്ചര്യമുളവാക്കുന്നു. പുതിയസർക്കാർ വിവാദ സർക്കാരാണോ എന്ന സംശയം മന്ത്രിമാരുടെ തിരഞ്ഞെടുപ്പിൽ തുടങ്ങി സത്യപ്രതിജ്ഞാചടങ്ങിൽ വരെ ദൃശ്യമായിരുന്നു. അതുവരെ തന്റെ പേരിനോടൊപ്പം ഒരിക്കലും വി.ഡി. സതീശൻ ഉപയോഗിച്ചിട്ടില്ലാത്ത മേനോൻ പ്രയോഗം പേരിനോടു ചേർത്തുവെച്ചു.
ഈ കൂട്ടിച്ചേർക്കൽ എന്തിനായിരുന്നുവെന്ന സംശയമുയരാം. തന്റെ അച്ഛനെയോർത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറുപടിയിൽ എല്ലാവരും തൃപ്തരായോ എന്നത് മുഖ്യമന്ത്രിക്ക് പ്രധാനപ്പെട്ടതല്ല എന്നത് അദ്ദേഹത്തിന്റെ പിൽക്കാല പ്രസ്താവനകൾ തെളിയിക്കുന്നു.
മുഖ്യമന്ത്രിയുടെ ശരീരഭാഷയും സംസാരഭാഷയും അസഹിഷ്ണുവായ വ്യക്തിയുടേതായി തുടരുന്നത് സാധാരണക്കാരെ സങ്കടപ്പെടുത്തുന്നു.
പത്തുവർഷം ഭരിച്ചത് ഇടതു സർക്കാരല്ല, മറിച്ച് പിണറായിയുടെ പി.ആർ.സർക്കാരായിരുന്നു എന്ന പ്രചാരണം വോട്ടാക്കിമാറ്റി വിജയിച്ചെത്തിയ സതീശനും കൂട്ടരും, മുൻ സർക്കാരിനെതിരേ പഴിപറച്ചിലും പരാതിയുമായി രംഗം നിറയുമ്പോൾ അധികാരത്തിലേറ്റിയ ജനങ്ങളുടെ പ്രതീക്ഷയാണ് മങ്ങുന്നത് -ലേഖനം വിമർശിക്കുന്നു.
