തളിപ്പറമ്പിൽ ഇറങ്ങാൻ നികേഷ് കുമാർ, പേരാവൂരിൽ ജോൺ ബ്രിട്ടാസ്; സാധ്യത ഇങ്ങനെ
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുമെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി നികേഷ് കുമാർ സ്ഥാനാർഥിയാവാൻ സാധ്യത. കഴിഞ്ഞ തവണ 22989 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എം.വി ഗോവിന്ദന്റെ വിജയം.
2016-ൽ എം.വി നികേഷ് കുമാർ അഴീക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ടശേഷം മത്സരരംഗത്ത് നിന്ന് മാറിയിരുന്നുവെങ്കിലും മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് ഇപ്പോൾ സമ്പൂർണ രാഷ്ട്രീയ പ്രവർത്തകനാണ്. നിലവിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. സി.പി.എമ്മിന്റെ സമൂഹ മാധ്യമ പ്രചാരണത്തിന്റെ ചുമതലയും നികേഷ് കുമാറിനാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തതിന്റെ വോട്ടിന്റെ 52.14 ശതമാനം വോട്ടുനേടിയാണ് അന്ന് തളിപ്പറമ്പിൽ എം.വി ഗോവിന്ദൻ വിജയിച്ചത്. 2011-ലും 2016-ലും ജെയിംസ് മാത്യുവും മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു.
2011-മുതൽ നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിച്ച് വിജയിച്ചുപോന്നിരുന്ന പേരാവൂർ മണ്ഡലത്തിൽ ഇത്തവണ എതിർസ്ഥാനാർഥിയായി സിപിഎമ്മിന്റെ രാജ്യസഭാ എം.പിയും മാധ്യമപ്രവർത്തകനുമായിരുന്ന ജോൺ ബ്രിട്ടാസ് മത്സരിക്കാനെത്തുമെന്ന സൂചനയും ഉണ്ട്. പേരാവൂരിൽ ഇത്തവണയും യുഡിഎഫിൽ നിന്ന് സണ്ണി ജോസഫ് തന്നെയായിരിക്കും മത്സരത്തിനിറങ്ങുക. പരമ്പരാഗതമായി യുഡിഎഫ് മണ്ഡലമാണ് പേരാവൂരെങ്കിലും ചെറിയ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ സണ്ണി ജോസഫിന്റെ വിജയം. 3172 ആയിരുന്നു ഭൂരിപക്ഷം. 2006-ൽ കെ.കെ ശൈലജയും ഇവിടെ നിന്ന് വിജയിച്ചിരുന്നു.
ജോൺ ബ്രിട്ടാസ് മത്സരിക്കാനെത്തിയാൽ മണ്ഡലം പിടിച്ചടക്കാനാവുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. രാജ്യസഭാ എം.പിയായി ഒരു വർഷം കൂടിയാണ് ബ്രിട്ടാസിന് കാലാവധിയുള്ളത്.
ഇരിട്ടി മുനിസിപ്പാലിറ്റിയും എട്ട് പഞ്ചായത്തും ഉൾപ്പെടുന്നതാണ് പേരാവൂർ മണ്ഡലം. ഇതിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇരിട്ടി മുനിസിപ്പാലിറ്റിയും മൂന്ന് പഞ്ചായത്തുമാണ് എൽഡിഎഫിനൊപ്പമുള്ളത്. അഞ്ച് പഞ്ചായത്തുകൾ യുഡിഎഫും ഭരിക്കുന്നു. ഇതിൽ മൂന്ന് പഞ്ചായത്ത് യുഡിഎഫ് എൽഡിഎഫിൽ നിന്ന് ഇത്തവണ പിടിച്ചെടുത്തതാണ്.
