തലായി ലതേഷ്‌ വധക്കേസ്‌: ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

Share our post

തലശേരി: സിപിഐ എം നേതാവ്‌ തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. പ്രതികളായ ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നാല് വകുപ്പുകളിലായി 35 വർഷം തടവുശിക്ഷ പ്രതികൾ അനുഭവിക്കണം. 1.40 ലക്ഷം രൂപ പിഴയും അടയ്ക്കണം. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്ത ആർഎസ്‌എസ്‌– ബിജെപിക്കാരായ തലായി പൊക്കായി ഹ‍ൗസിൽ പി സുമിത്ത്‌ (കുട്ടൻ–38), കൊമ്മൽ വയൽ വിശ്വവസന്തത്തിൽ കെ കെ പ്രജീഷ്‌ബാബു (പ്രജീഷ്‌– 46), തലായി ബംഗാളി ഹ‍ൗസിൽ ബി നിധിൻ (നിധു– 37 ), പുലിക്കൂൽ ഹ‍ൗസിൽ കെ സനൽ എന്ന ഇട്ടു (37), പാറേമ്മൽ ഹ‍ൗസിൽ സ്‌മിജോഷ്‌ എന്ന തട്ടിക്കുട്ടൻ (42), കുനിയിൽ ഹ‍ൗസിൽ സജീഷ്‌ എന്ന ജിഷു (37), പഴയമഠത്തിൽ വി ജയേഷ്‌ (39), എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി (നാല്‌) ജഡ്‌ജി ജെ വിമൽ ശിക്ഷിച്ചത്.

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട്‌ ലോക്കൽ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബർ 31ന്‌ വൈകിട്ട്‌ 5.30ന്‌ ചക്യത്തുമുക്ക്‌ കടപ്പുറത്ത്‌ വെച്ചാണ്‌ വെട്ടിക്കൊന്നത്‌. ആക്രമണത്തിൽ സിപിഐ എം പ്രവർത്തകൻ മോഹൻലാൽ എന്ന ലാലുവിനും ഗുരുതരപരിക്കേറ്റു. ബോംബേറിൽ പരിക്കേറ്റ സന്തോഷ്‌, സുരേഷ്‌, മജീദ്‌ എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളിൽ 30 പേരെ വിസ്‌തരിച്ചു.

ലതേഷിന്റെ അനുജൻ മയ്യഴിക്കാരന്റവിട കുഞ്ഞാൻ ഹ‍ൗസിൽ കെ സന്തോഷിന്റെ പരാതിയിലാണ്‌ കേസെടുത്തത്‌. ചക്യത്ത്‌മുക്ക്‌ ക്ലാസിക്‌ മാർബിൾ കടക്ക്‌ പിൻവശം കടപ്പുറത്ത്‌ വെച്ച്‌ പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന്‌ ലതേഷിനെ വെട്ടിക്കൊന്ന ശേഷം ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്‌. ഒന്ന് മുതൽ ഏഴ് വരെ പ്രതികളെയാണ് കുറ്റക്കാരാണെന്ന് വിധിച്ചത്.

ചക്യത്ത്‌മുക്ക്‌, നാഷനൽ ഹൈവേ ഭാഗങ്ങളിൽ നിന്ന്‌ ആയുധങ്ങളുമായി എത്തിയ സംഘം ലതേഷിനെ വളഞ്ഞിട്ട്‌ ആക്രമിക്കുകയായിരുന്നു. സുമിത്ത്‌ ആണ്‌ ആദ്യം വാൾ വീശിയത്‌. പ്രജീഷ്‌ കൈയിലുണ്ടായിരുന്ന മഴു ഉപയോഗിച്ച്‌ കഴുത്തിന്‌ വെട്ടി. തിരയിൽ കമിഴ്‌ന്നടിച്ചു വീണ ലതേഷിനെ അജിത്തും സ്‌മിജേഷും കൈയിലുണ്ടായിരുന്ന വാളും മഴുവും ഉപയോഗിച്ച്‌ കാലിനും ശരീരത്തിലും വെട്ടുകയും കുത്തുകയും ചെയ്‌തു. ബഹളംകേട്ട്‌ തോണിക്കാരടക്കമുള്ളവർ ഓടിവരുന്നതിനിടെ ബോംബെറിഞ്ഞ്‌ പ്രതികൾ രക്ഷപ്പെട്ടു.

9 മുതൽ 12 വരെ പ്രതികളായ തലായി ബാലഗോപാല ക്ഷേത്രം സെക്രട്ടറി ഗോപാൽ നിവാസിൽ കെ സന്തോഷ്‌കുമാർ എന്ന ജുഗ്‌നു(51) , ബി ശരത്‌ (ബംഗാളി ശരത്‌–37), ഇ കെ സനീഷ്‌ എന്ന സനീഷ്‌ ബാബു‍‍(48), ബിജെപി നേതാവും നഗരസഭ മുൻ ക‍ൗൺസിലറുമായ കുന്നുംപുറത്ത്‌ അജേഷ്‌ എന്നിവരെ വെറുതെ വിട്ടു. എട്ടാം പ്രതി തലായിയിലെ കെ അജിത്ത്‌ സംഭവശേഷം മരിച്ചു. പ്രോസിക്യുഷന്‌ വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി കെ വർഗീസ്‌, അഡ്വ. കെ സത്യൻ എന്നിവർ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!