പേരാവൂർ ക്ഷീരസംഘം ക്രമക്കേട് ; സി.പി.എം ഏരിയാ നേതാവിനെതിരെ അച്ചടക്ക നടപടി

Share our post

പേരാവൂർ: സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ക്ഷീര വികസനവകുപ്പ് പിരിച്ചുവിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം മുൻ ഭരണസമിതിക്കെതിരെ സി.പി.എം അച്ചടക്ക നടപടി.സംഘത്തിന്റെ പ്രസിഡന്റായിരുന്ന സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റിയംഗം കെ.ശശീന്ദ്രന് പരസ്യ ശാസനയും മറ്റു ഭരണ സമിതിയംഗങ്ങൾക്ക് ശാസനയുമാണ് പാർട്ടി അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമായി പാർട്ടി ഏരിയാക്കമ്മിറ്റി സ്വീകരിച്ച നടപടി.

സംഘത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ ഭരണസമിതിക്ക് ജാഗ്രതക്കുറവുണ്ടായി എന്നതിനാലാണ് അച്ചടക്ക നടപടിയുണ്ടായത്.ഏരിയാക്കമ്മിറ്റി യോഗത്തിൽ ക്ഷീരസംഘം ഭരണസമിതിക്കും പ്രസിഡന്റ് കെ.ശശീന്ദ്രനുമെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.എന്നാൽ, ക്ഷീരസംഘത്തിലേക്ക് അടുത്ത മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭരണ സമിതിക്കെതിരെ കടുത്ത നടപടി ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം.

2018-ൽ പേരാവൂർ സഹകരണ ആസ്പത്രി വില്പന വിവാദവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ ആസ്പത്രി ഭരണസമിതി പ്രസിഡന്റിനെതിരെയും സമാനമായ അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു.അന്ന് ജാഗ്രതക്കുറവിന്റെ പേരിൽ ഭരണസമിതി പ്രസിഡന്റിനെതിരെ പാർട്ടി കടുത്ത നടപടിയാണെടുത്തത്. ഏരിയാക്കമ്മിറ്റിയിൽ അംഗമായിരുന്ന ആസ്പത്രി ഭരണസമിതി പ്രസിഡന്റിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും അദ്ദേഹം വഹിച്ചിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമുൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!