ജാർഖണ്ഡിലെ ക്ഷേത്ര സമുച്ചയത്തിൽ ചുമർചിത്രങ്ങൾ ഒരുക്കി ബിജു പാണപ്പുഴ
പയ്യന്നൂർ : ജാർഖണ്ഡിലെ ക്ഷേത്ര സമുച്ചയത്തിൽ ചുമർച്ചിത്ര കലാകാരൻ പയ്യന്നൂരിലെ ബിജു പാണപ്പുഴയുടെ കരവിരുതിൽ ചുമർ ചിത്രങ്ങൾ ഒരുങ്ങുന്നു. പലാമു ജില്ലയിലെ കുസുംദാഹ ക്ഷേത്ര സമുച്ചയമാണ് കേരളീയ ചുമർ ചിത്രങ്ങളാൽ അലംകൃതമാവുന്നത്. രാമ, ശിവ, കൃഷ്ണ ക്ഷേത്രത്തിന്റെ താഴികക്കുടത്തിന്റെ ഉൾവശങ്ങളിലാണ് ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നത്.
ശിവക്ഷേത്രത്തിന്റെ താഴികക്കുടത്തിൽ ശിവന്റെ ആനന്ദ താണ്ഡവവും ശക്തി പഞ്ചാക്ഷരി, ഋഷിമാർ തുടങ്ങിയവരും കൃഷ്ണ ക്ഷേത്രത്തിൽ രാധാകൃഷ്ണന്മാരും വെണ്ണക്കണ്ണനും വൃന്ദാവനത്തിൽ രാസലീലയാടുന്ന കൃഷ്ണനും ഗോപികമാരും രാമ ക്ഷേത്രത്തിൽ ശ്രീരാമ പട്ടാഭിഷേകവും സീത രാമലക്ഷ്മണന്മാരുടെ വനവാസവുമാണ് നിറഞ്ഞു നിൽക്കുന്നത്. മൂന്ന് മാസത്തെ അക്ഷീണ പ്രവർത്തനം കൊണ്ടാണ് ഈ ചിത്രരചന പൂർത്തിയാക്കുന്നത്.
ബിജു പാണപ്പുഴയോടൊപ്പം സതീശൻ വടകര, സുഭാഷ് ചെറുവണ്ണൂർ, കൃതീഷ് പാണപ്പുഴ എന്നിവരും ഈ ഉദ്യമത്തിൽ പങ്കാളികളാണ്. കേരളത്തിന് പുറത്ത് 2000 കിലോ മീറ്റർ അകലെ പൂർണമായും കേരളീയ ചുമർ ചിത്രങ്ങളാൽ ഒരു ക്ഷേത്രത്തിൽ ചിത്രമെഴുതുന്നത് എന്നൊരു അപൂർവതയും ഈ ചിത്രങ്ങൾക്കുണ്ട്.
