കണിയാർവയൽ–ഉളിക്കൽ റോഡ് വഴി വാഹന ഗതാഗതം 12 വരെ നിരോധിച്ചു
ശ്രീകണ്ഠപുരം : കാഞ്ഞിലേരി–അലക്സ് നഗർ പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കാഞ്ഞിലേരി ഭാഗത്തെ റോഡ് ഉയർത്തൽ പ്രവർത്തനങ്ങൾ തുടങ്ങി. റോഡ് ഉയർത്തിയ ശേഷം പാലം ഈ റോഡുമായി ബന്ധിപ്പിക്കും. നേരത്തെ 62.12 കോടി രൂപ ചെലവിൽ നവീകരിച്ച കണിയാർവയൽ–കാഞ്ഞിലേരി–ഉളിക്കൽ റോഡിൽ പാലത്തിനു സമീപമുള്ള ഭാഗം ഉയർത്താതെ താൽക്കാലികമായി ടാറിങ് നടത്തുകയാണു ചെയ്തിരുന്നത്.
നിലവിൽ ഇവിടെ മണ്ണിട്ട് ഉയർത്തുന്ന പ്രവർത്തനങ്ങളാണു നടക്കുന്നത്. റോഡ് ഉയർത്തൽ പ്രവൃത്തി നടക്കുന്നതിനാൽ 12 വരെ കണിയാർവയൽ–ഉളിക്കൽ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. കണിയാർവയലിൽ നിന്ന് ഉളിക്കലിലേക്ക് പോകേണ്ട വാഹനങ്ങൾ വയക്കരക്കാവ്–ബ്ലാത്തൂർ വഴിയോ മൈക്കിൾഗിരി–ബ്ലാത്തൂർ വഴിയോ കണ്ടകശ്ശേരിയിൽ എത്തണം. ഉളിക്കലിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ടകശ്ശേരിയിൽ നിന്ന് ബ്ലാത്തൂർ–വയക്കരക്കാവ് വഴി കണിയാർവയലിലും എത്തണം.
അലക്സ് നഗർ പാലത്തിന്റെ നിർമാണം 3 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഒട്ടേറെ പരാതികൾക്കും നിവേദനകൾക്കും ശേഷമാണ് കുടിയേറ്റ പ്രദേശമായ അലക്സ് നഗറിനേയും കാഞ്ഞിലേരിയേയും ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം നിർമാണം തുടങ്ങിയത്.
2017ൽ പ്രവൃത്തി ആരംഭിച്ചെങ്കിലും 5 വർഷം കഴിഞ്ഞിട്ടും 50 ശതമാനം പോലും പ്രവൃത്തി പൂർത്തീകരിക്കാൻ കരാറുകാരനു സാധിച്ചില്ല. തുടർന്ന് സജീവ് ജോസഫ് എംഎൽഎ മുൻകൈയെടുത്ത് കരാറുകാരനെ നീക്കി പാലം നിർമാണം റീ ടെൻഡർ ചെയ്യുകയായിരുന്നു. 10.10 കോടി രൂപയാണു നേരത്തെ പാലത്തിന്റെ നിർമാണത്തിന് വകയിരുത്തിയത്.
ഇതിൽ ഐച്ചേരി–അലക്സ് നഗർ റോഡ് നിർമാണവും ഉൾപ്പെട്ടിരുന്നു. പുതിയ ടെൻഡറിൽ റോഡ് നിർമാണം ഒഴിവാക്കി 5.84 കോടി രൂപയാണു വകയിരുത്തിയത്. റീ ടെൻഡറിൽ കെ.കെ. ബിൽഡേഴ്സാണ് അലക്സ് നഗർ പാലത്തിന്റെ നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണു നിർമിക്കുന്നത്. ഇതിൽ 1.5 മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതയും ഒരുക്കുന്നുണ്ട്.
