രണ്ട് കോടിയുടെ വിസ തട്ടിപ്പ്, മൂന്നു കേസുകൾ കൂടി
തളിപ്പറമ്പ് :ചിറവക്കിലെ ഹൈലൈറ്റ് കൺസൾട്ടൻസി സ്ഥാപന ഉടമകൾക്കെതിരെ മൂന്ന് കേസുകൾ കൂടി. 27 കേസുകളിലായി രണ്ട് കോടിയിലേറെ രൂപ ഇവർ തട്ടിയെടുത്തതായാണ് കണക്ക്.പാലാവയൽ പുള്ളിക്കുന്നേൽ ഹൗസിൽ അലൻ ജോൺ, ആലപ്പുഴ സ്വദേശികളായ ചെങ്ങന്നൂർ പാണ്ടനാട് പള്ളത്ത് ഹൗസിൽ ജോഷി ഫ്രാൻസിസ്, എഴുപുന്ന നെടുവള്ളി ഹൗസിൽ എൻ.വി ജസ്റ്റിൻ എന്നിവരുടെ പരാതിയിലാണ് ഹൈലൈറ്റ് കൺസൾട്ടൻസി ഉടമകളും സഹോദരങ്ങളുമായ കിഷോർ കുമാർ, കിരൺകുമാർ എന്നിവർക്കെതിരെ പുതുതായി കേസുകളെടുത്തത്.
ബ്രിട്ടനിൽ പവർഹൗസ് ഹാന്റ്ലർ ജോലി വാഗ്ദാനം ചെയ്താണ് മൂന്നുപേരെയും തട്ടിപ്പിനിരയാക്കിയത്. അലൻ ജോണിൽ നിന്ന് 5,80,000 രൂപയും ജോഷി ഫ്രാൻസിസിൽ നിന്ന് അഞ്ചര ലക്ഷം രൂപയും ജസ്റ്റിനിൽ നിന്ന് 5,75,000 രൂപയുമാണ് തട്ടിയെടുത്തത്.
25,000 രൂപ നേരിട്ടും ബാക്കി പണം വിവിധ ഘട്ടങ്ങളിൽ ബാങ്കുകൾ മുഖേനയുമാണ് നൽകിയത്. ഡൽഹി, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ മെഡിക്കൽ പരിശോധന നടത്തി കൃത്രിമമായി സർട്ടിഫിക്കറ്റുണ്ടാക്കി വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ വിസ ലഭിച്ചില്ല. പണം തിരിച്ച് നൽകിയതുമില്ല.ഇതേ തുടർന്നാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. വിസ തട്ടിപ്പിൽ കുടുങ്ങി ജീവിതം വഴിമുട്ടിയ വയനാട്ടിലെ യുവാവ് കഴിഞ്ഞ ജനുവരിയിൽ ജീവനൊടുക്കിയതോടെയാണ് ഇവർ നടത്തിയ തട്ടിപ്പിന്റെ വിശദവിവരങ്ങൾ പുറത്തുവന്നു തുടങ്ങിയത്.
ഇവരെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സ്ക്വാഡ് ഉണ്ടാക്കിയിട്ടുണ്ട്.
