നിയന്ത്രണം വിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; വൈദ്യുത വകുപ്പ് ജീവനക്കാർക്കും റിട്ട.പോലീസ് ഉദ്യോഗസ്ഥനും പരുക്ക്
കൂത്തുപറമ്പ് : റോഡരികിൽ പ്രവൃത്തിയിൽ ഏർപ്പെട്ട വൈദ്യുത വകുപ്പ് ജീവനക്കാരെയും സമീപത്തുണ്ടായിരുന്ന അയൽവീട്ടുകാരനെയും നിയന്ത്രണം വിട്ട കാർ ഇടിച്ച് വീഴ്ത്തി. വേങ്ങാട് വൈദ്യുത സെക്‌ഷൻ ഓഫിസ് ജീവനക്കാരായ കോട്ടയം മൗവേരിയിലെ വളയങ്ങാടൻ സുനിൽ കുമാർ, മമ്പറം ഓടക്കാടെ സുധീഷ്, വേങ്ങാട്ടെ റെനീഷ്, കായലോട്ടെ റിട്ട.പോലീസ് ഉദ്യോഗസ്ഥൻ സുകുമാരൻ(70) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലേകാലോടെ കായലോട് വച്ചാണ് അപകടം.
കൂത്തുപറമ്പ് – കണ്ണൂർ റോഡിൽ കായലോട് പെട്രോൾ ബങ്കിന് സമീപം റോഡരികിൽ പ്രവൃത്തിയിൽ ഏർപ്പെട്ട ജീവനക്കാർക്കിടയിലേക്ക് കൂത്തുപറമ്പ് ഭാഗത്ത് നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ജീവനക്കാരോട് സംസാരിച്ച് നിൽക്കുകയായിരുന്നു സുകുമാരൻ. സാരമായി പരുക്കേറ്റ സുകുമാരൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹ.ആശുപത്രിയിൽ ചികിത്സയിലാണ്.
കൈ എല്ലിനും ശരീരത്തിലും സാരമായി പരുക്കേറ്റ സുനിൽ കുമാറിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.മുഖത്തും ശരീരത്തിലും പരുക്കേറ്റ സുധീഷിനെ ചാലയിലെ സ്വകാര്യ ആസ്പത്രിയിലും റെനീഷിനെ ചെറിയ പരുക്കുകളോടെ തലശ്ശേരി സഹ.ആസ്പത്രിയിലും പ്രവേശിപ്പിച്ചു.കൂത്തുപറമ്പ് ഭാഗത്ത് നിന്നും എത്തിയ കാർ റോഡിന് വലത് വശത്തേക്ക് ഓടിക്കയറി ജീവനക്കാരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
വാഹനം അടുത്ത് എത്തിയത് ശ്രദ്ധയിൽപെട്ട റെനീഷ് മറ്റ് 2 പേരെ രക്ഷിക്കാൻ തള്ളി മാറ്റുന്നത് സിസി ടിവി ദൃശ്യത്തിൽ കാണാനുണ്ട്. റെനീഷിന് ചെറിയ പരുക്കേറ്റെങ്കിലും മറ്റ് 2 പേരെയും കാർ ശക്തിയായി ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ കാറിന്റെ ബോണറ്റും മുൻ വശത്തെ ചില്ലും തകർന്നു. പിണറായി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
