പച്ചയണിഞ്ഞ് ചിറക്കുനി സ്റ്റേഡിയം
പിണറായി: നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന ധർമടം ചിറക്കുനിയിലെ അബു–- ചാത്തുക്കുട്ടി സ്മാരക മിനിസ്റ്റേഡിയത്തിൽ പുല്ല് വച്ച് പിടിപ്പിക്കൽ പ്രവൃത്തി പൂർത്തിയായി. അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാകുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.66 മീറ്റർ വീതിയും 74 മീറ്റർ നീളവുമുള്ള ഗ്രൗണ്ടിൽ ഒരാഴ്ചകൊണ്ടാണ് പുല്ല് വച്ച് പിടിപ്പിച്ചത്.
ഐ.എസ്എൽ മത്സരങ്ങൾക്ക് വേണ്ടി ഗ്രൗണ്ട് ഒരുക്കിയ എറണാകുളത്തെ വി.കെ.എം ഡവലപ്പ്മെന്റ് ആന്റ് സ്പോർട്‌സ് കമ്പനിയാണ് പ്രവൃത്തി നടത്തിയത്. ബംഗളൂരുവിൽനിന്നെത്തിച്ച വിലകൂടിയ ബർമുഡ പുല്ലാണ് വച്ച് പിടിപ്പിച്ചത്. വെള്ളം നനയ്ക്കാൻ അത്യാധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ധർമടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ഒരു മാസംകൊണ്ട് കൈമാറാൻ കഴിയുമെന്ന് കമ്പനി അധികൃതർ പറയുന്നു.
കിഫ്ബിയിൽനിന്ന് അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നവീകരിക്കുന്ന സ്‌റ്റേഡിയം ദേശീയ മത്സരങ്ങൾ നടത്താവുന്ന രീതിയിലാണ് സജ്ജമാക്കുന്നത്. കെട്ടിട നിർമാണം പൂർത്തിയായി. കായികതാരങ്ങൾക്കായി രണ്ട് ഡ്രസിങ് മുറികളും അഞ്ച് ശുചിമുറികളുമാണുള്ളത്. പ്രധാനമായും ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് നിർമാണം. ക്രിക്കറ്റ് പരിശീലനത്തിനായി നെറ്റ് സൗകര്യവും ഒരുക്കും. പവിലിയനിൽ ഉൾപ്പെടെ 1200 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ടാകും. കിറ്റ്കോ കൺസൽട്ടൻസിക്കാണ് നിർമാണച്ചുമതല.
