കടുവയ്‌ക്കും കാട്ടാനയ്‌ക്കുമിടയിൽ ചെത്തുതൊഴിലാളികൾ
ഇരിട്ടി: കാട്ടാനയാക്രമണത്തിൽനിന്ന് ജീവൻ കൈയിലെടുത്ത് കഴിയുന്ന ആറളം ഫാമിലെ ചെത്തുതൊഴിലാളികൾക്ക് ഫാമിലെ വിവിധ ബ്ലോക്കുകളിലുടെ നീങ്ങുന്ന കടുവയും പ്രതിസന്ധിയാകുന്നു. ഞായറാഴ്‌ച ബ്ലോക്ക് അഞ്ചിലാണ് ചെത്തുകാർ കടുവയെ കണ്ടത്. കഴിഞ്ഞ ദിവസം രണ്ടാം ബ്ലോക്കിൽ കടുവയെ കണ്ടതും ചെത്തുതൊഴിലാളികളായിരുന്നു. തെങ്ങ് ചെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഈ ബ്ലോക്കുകളിലെ തൊഴിലാളികൾ.
വനംവകുപ്പിന്റെ ജാഗ്രതാ നിർദേശം കണിശമായി പാലിച്ച് തെങ്ങിൻ തോപ്പുകളിൽ ജോലി ചെയ്യുന്ന ചെത്തുതൊഴിലാളികളാണ് നിലവിൽ കടുവയെക്കുറിച്ചുള്ള വിവരം അധികൃതർക്ക് കൈമാറുന്നത്. എൺപതുപേർ ഫാമിൽ കള്ള് ചെത്താനുണ്ട്. ദിവസം സമയബന്ധിതമായി നിശ്‌ചിത തെങ്ങുകളിൽ കയറണം. കടുവയെ നിരീക്ഷിച്ച് വേണം തൊഴിലെടുക്കാൻ. കാട്ടാനകളെയും നിരീക്ഷിക്കണം.
ഫാമിലെ മുന്നൂറോളം കൃഷിത്തൊഴിലാളികളും ഇതേ ആശങ്കകളിൽ തൊഴിൽ നഷ്ടമാകുന്ന അവസ്ഥയിലായി. കടുവയെ കൂട് വച്ച് പിടികൂടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിദഗ്‌ധ സംഘത്തെ എത്തിച്ച് കടുവ അടക്കമുള്ള വന്യജീവികളെ ഫാമിൽനിന്ന് തുരത്തി ആറളം ഫാമിലെ സമ്മിശ്ര തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്ന ആവശ്യത്തിലാണ് തൊഴിലാളികളും ആദിവാസി കുടുംബങ്ങളും.
