സ്നേഹപൂർവം… ആശംസാകാർഡ്
കണ്ണൂർ:ക്രിസ്‌മസും പുതുവത്സരവും ഒക്കെയായി ആശംസകൾ പാറിപ്പറക്കുന്ന മാസമാണ് ഡിസംബർ. ആകർഷകമായ കടലാസുകളിൽ ചിത്രങ്ങളായും വാക്കുകളായും കവിതയായും പ്രിയപ്പെട്ടവരെത്തേടി ആശംസകളെത്തി. മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും വരവോടെ കളമൊഴിഞ്ഞ ആശംസാകാർഡുകൾ ഇന്നും ഗൃഹാതുരത്വമുള്ള ഒരോർമയാണ്.
നവംബർ മുതൽ ഫാൻസി കടകളിലും ബുക്ക് ഷോപ്പുകളിലും കാർഡുകൾ സ്ഥാനംപിടിക്കും.. ക്രിസ്‌മസ്–-പുതുവത്സരാശംസകൾ ചേർന്ന കാർഡുകൾക്കായിരുന്നു ആവശ്യക്കാരേറെയും. നഗരങ്ങളിൽ ഫാൻസി – ബുക്ക് ഷോപ്പുകളാണ് കാർഡുകൾ വൻതോതിൽ ഇറക്കിയിരുന്നത്. കടകളിൽ പുറത്ത് പ്രത്യേകമായി പ്രദർശിപ്പിച്ചും ആളുകളെ ആകർഷിച്ചു. നാട്ടിൻപുറങ്ങളിൽ കടകൾക്ക് പുറമെ ‘തെരുവ് കച്ചവടവും’ പൊടിപൊടിച്ചു. ഇന്ന് മൊബൈൽ സേവനദാതാക്കൾ മെസേജ് ഫ്രീ നൽകുന്നതുപോലെ കാർഡുകൾക്ക് കോംബോ ഓഫറുകളും നൽകിയിരുന്നു.
ആശംസാകാർഡുകൾക്ക് പല വലുപ്പമായിരുന്നു. വർഷം കഴിയുന്തോറും ആകർഷകത്വം കൂടി. പല പരീക്ഷണങ്ങൾ കാർഡുകളിലുണ്ടായി. നാനോ കാർഡുകൾ മുതൽ നിവർത്തുമ്പോൾ പൂക്കളായി വിരിയുന്നവ, മ്യൂസിക് ഉള്ളവ, ട്രോളുകളും സിനിമാകോമഡികളും നിറയുന്നവയൊക്കെ ലഭ്യമായി. അർത്ഥവത്തായ വരികളുള്ള കാർഡുകൾക്കായിരുന്നു ഡിമാൻഡ് കൂടുതൽ. ലാളിത്യവും പൊലിമയുള്ള കാർഡുകൾക്കും ആവശ്യക്കാരേറി. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, കമിതാക്കൾ എന്നിങ്ങനെ ആളുകൾക്കനുയോജ്യമായ രീതിയിൽ ‘കസ്‌റ്റമൈസ്‌ഡ്’ ആയ കാർഡുകളും വിപണിയിൽ വിലസി. പ്രശസ്തമായ കവിതാശകലങ്ങളും മറ്റും നിറയുന്ന കാർഡുകളുടെ ആരാധകർ കൗമാരക്കാരായിരുന്നു. തപാൽ പെട്ടികൾ നിറഞ്ഞിരുന്ന അക്കാലം പോസ്റ്റ്മാന്മാർക്ക് പിടിപ്പത് പണിയുള്ള കാലവുമായി.
പുതിയ കാലത്ത് സന്ദേശങ്ങൾ കൈമാറാൻ പല വഴികളുണ്ടെങ്കിലും പഴയ കാർഡുകൾ നൽകിയിരുന്ന സംതൃപ്തി ലഭിക്കുന്നില്ലെന്നാണ് എ കെ ജി നഴ്സിങ് കോളേജ് ജീവനക്കാരി കെ റീഷയുടെ അഭിപ്രായം. ഉറ്റവരുടെ കാർഡുകൾ വർഷങ്ങളോളം സൂക്ഷിച്ചിരുന്നു. ഇന്നെല്ലാം ഫോണിലാണ്. ഓർമയിൽപോലും നിൽക്കില്ലെന്നതാണ് സംതൃപ്തിക്കുറവിനു കാരണമെന്നും റീഷ പറയുന്നു.
വർഷങ്ങൾ കഴിഞ്ഞാലും ഓർമയെ ഉണർത്തുന്നതാണ് കാർഡുകളെന്നാണ് പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് വിദ്യാർഥിനി എം .സൽമിത്രയുടെ പക്ഷം. എന്നാൽ കൂടുതൽ പേർക്ക് ഒരേസമയം സന്ദേശം അയക്കാൻ പറ്റുന്ന സംവിധാനമാണിന്ന്. പുതുവർഷം പിറവിയെടുക്കുന്ന സമയത്തുതന്നെ സന്ദേശങ്ങൾ കൈമാറാൻ പറ്റുന്നു. കാലത്തിന്റെ മാറ്റങ്ങൾക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടാകുമെന്നും സൽമിത്ര കൂട്ടിച്ചേർക്കുന്നു.
