ആമ്പിലാട്ടെ ജലക്ഷാമത്തിന് വിട;നഗരസഭയുടെ കുളം സജ്ജം
കൂത്തുപറമ്പ് : ആമ്പിലാട് പാടശേഖരത്തിൽ നഗരസഭ നിർമിച്ച കുളം കെ.പി.മോഹനൻ എം.എൽ.എ നാടിന് സമർപ്പിച്ചു. ആമ്പിലാട് എൽ.പി സ്കൂളിന് സമീപത്തെ പാടശേഖരത്തിൽ കല്ലീന്റവിട കോറോത്താൻ രാജൻ സംഭാവനയായി നൽകിയ 5 സെന്റ് സ്ഥലത്ത് 65 ലക്ഷം രൂപ ചെലവിലാണ് കുളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് കുളം നിർമിച്ചത്. ജലസേചന സൗകര്യത്തോടൊപ്പം നീന്തൽക്കുളമായി ഉപയോഗപ്പെടുത്തുന്നതിന് പടവുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. നെൽക്കൃഷിയും പച്ചക്കറിക്കൃഷിയും ഉൾപ്പെടെ കാർഷിക മേഖല സജീവമായി നിൽക്കുന്ന ആമ്പിലാട്ട് വേനലിൽ ജലക്ഷാമം വലിയ പ്രശ്നമാകാറുണ്ട്.
ഉദ്ഘാടന ചടങ്ങിൽ നഗരസഭാധ്യക്ഷ വി.സുജാത അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ.ആർ.അജി, ലിജി സജേഷ്, എം.വി.ശ്രീജ, കെ.വി.രജീഷ്, കെ.വിനിത, യു.എൻ.സത്യചന്ദ്രൻ, കെ.ബാബുരാജ്, പ്രജിത്ത് ആമ്പിലാട്, എൻ.ധനഞ്ജയൻ, മാറോളി ശ്രീനിവാസൻ, എ.ഒ.അഹമ്മദ് കുട്ടി, പി.എം.മധുസൂദനൻ, പി.കെ.പവിത്രൻ, പുതുക്കുടി മോഹനൻ, എ.പി.ശ്യാംജിത് എന്നിവർ പ്രസംഗിച്ചു. സ്ഥലം സംഭാവന നൽകിയ കോറോത്താൻ രാജനെയും കരാറുകാരൻ ഷാജിയെയും എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.
