299 രൂപയുടെ ജനപ്രിയ പ്ലാന്‍ തിരികെയെത്തിച്ച് എയര്‍ടെല്‍; ഇനി പഴയത് പോലെയായിരിക്കില്ല, റീചാര്‍ജിന് മുന്‍പ് മാറ്റങ്ങളറിയാം
രാജ്യത്തൊട്ടാകെയുള്ള ഉപഭോക്താക്കളുടെ ജനപ്രിയ റീചാര്‍ജ് പ്ലാനായ 299 രൂപയുടെ പ്ലാന്‍ തിരികെയെത്തിച്ച് എയര്‍ടെല്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ അവസാനിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് ഉപഭോക്താക്കളുടെ കൂടുമാറ്റം വ്യാപകമായതിനെ തുടര്‍ന്ന് കമ്പനി തിരികെയെത്തിച്ചത്. അതേസമയം, പുനസ്ഥാപിച്ച പ്ലാനില്‍ മുന്‍പുണ്ടായിരുന്ന അതേ സേവനങ്ങള്‍ ഉണ്ടാകില്ലെന്ന് കമ്പനി സിഇഒ ശശ്വത് ശര്‍മ അറിയിച്ചു. മുന്‍പ് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനില്‍ ഇനിമുതല്‍ ഒരു ജിബി മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ജിയോ: 28 ദിവസത്തേക്ക് ദിവസേന 1.5 ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. കൂടാതെ, അര്‍ഹതയുള്ള ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും.
എയര്‍ടെല്‍: 28 ദിവസത്തേക്ക് ദിവസേന 1 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് എയര്‍ടെലിന്റെ 299 രൂപയുടെ പ്ലാനിലുള്ളത്.
വിഐ: എയര്‍ടെലിന് സമാനമായ 28 ദിവസത്തേക്ക് ദിവസേന 1 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിലൂടെ ലഭിക്കും
എയര്‍ടെലിന്റെ സാധാരണ പ്ലാനുകളില്‍ നിലവില്‍ 2GB അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള പ്രതിദിന ഡാറ്റ പ്ലാനുകള്‍ക്കാണ് ‘അണ്‍ലിമിറ്റഡ് 5G ഡാറ്റ’ സൗജന്യമായി നല്‍കിവരാറുള്ളത്. 299 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1GB ഡാറ്റ മാത്രമുള്ളതിനാല്‍, കമ്പനിയുടെ നിലവിലെ മാനദണ്ഡപ്രകാരം ഇതില്‍ അണ്‍ലിമിറ്റഡ് 5G ലഭ്യമാകാന്‍ സാധ്യതയില്ല. പകരം പ്ലാനില്‍ നിശ്ചയിച്ചിട്ടുള്ള 1GB ഡാറ്റ മാത്രമായിരിക്കും 5G സ്പീഡില്‍ ലഭിക്കുക.
എയര്‍ടെലിന്റെ 5G സേവനം ഇന്ത്യയിലെ മിക്ക പ്രധാന നഗരങ്ങളിലും ലഭ്യമാണെങ്കിലും, എല്ലാ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ഇതുവരെ പൂര്‍ണമായി എത്തിയിട്ടില്ല. കൂടാതെ നിങ്ങളുടെ ഫോണില്‍ 5G സപ്പോര്‍ട്ട് ചെയ്യുകയും, എയര്‍ടെല്‍ 5G കവറേജ് ഉള്ള പ്രദേശത്തായിരിക്കുകയും വേണം.
