ആറളം ആനമതിൽ പ്രാരംഭ പ്രവൃത്തി തുടങ്ങി
ഇരിട്ടി : ആറളം ഫാമിന്റെയും ആദിവാസി ജനവാസമേഖലയുടെയും സുരക്ഷക്കായി സർക്കാർ പ്രഖ്യാപിച്ച 53 കോടി രൂപയുടെ ആനമതിൽ നിർമാണത്തിന്റെ പ്രാരംഭപ്രവൃത്തിക്ക് തുടക്കം. 36 കോടി രൂപക്ക് കാസർകോട്ടെ കമ്പനിയാണ് നിർമാണം ഏറ്റെടുത്തത്. ബ്ലോക്ക് 13ലെ അമ്പത്തഞ്ച് പ്രദേശത്ത് വനംവകുപ്പ് ഓഫീസ് പരിസരംമുതൽ മതിൽ നിർമിക്കാനാവശ്യമായ അടിത്തറക്കുവേണ്ടി നിലമൊരുക്കാൻ തുടങ്ങി. അസ്തിവാരം കോൺക്രീറ്റ് ചെയ്യാനുള്ള ടി.എം.ടി സ്റ്റീൽ കമ്പികൾ അടക്കമുള്ള സാമഗ്രികളും സ്ഥലത്ത് ഒരുക്കുന്നുണ്ട്. മതിൽ നിർമാണോദ്ഘാടനത്തിന് കാത്തിരിപ്പിലാണ് പ്രദേശത്തെ ആദിവാസി കുടുംബങ്ങളും ആറളം ഫാം പ്രദേശമാകെയും.
11 ആദിവാസികളടക്കം 14 പേർ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശമാണ് ആറളം ഫാം. മനുഷ്യക്കുരുതിയിൽനിന്ന് കരകയറ്റണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി, സി.പി.എം, എൽ.ഡി.എഫ് നേതൃത്വത്തിൽ എണ്ണമറ്റ പ്രക്ഷോഭങ്ങൾ നടത്തി. എ.കെ. ബാലൻ മന്ത്രിയായിരിക്കെ ആറളം ഫാം സന്ദർശിച്ച ഘട്ടത്തിൽ ഒന്നാം പിണറായി സർക്കാരാണ് ആനമതിൽ നിർമാണം പ്രഖ്യാപിച്ചത്. 22 കോടി രൂപയും അനുവദിച്ചു. 11 കോടി പൊതുമരാമത്ത് വകുപ്പിന് മുൻകൂർ നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നേരത്തെ ആറളം ഫാമിൽ നിർമിച്ച ബലവത്തായ ആനമതിൽ മാതൃകയിൽ സൊസൈറ്റി ചുമതലയിൽ പുതിയ പദ്ധതിയും പൂർത്തീകരിക്കാൻ തീരുമാനിച്ചു.
യു.എൽ.സി.സി.ക്കെതിരെ യു.ഡി.എഫ് പക്ഷത്തിന് നിന്നുണ്ടായ ആക്ഷേപങ്ങളും കോടതി നടപടികളും ആറളം ആനമതിൽ നിർമാണത്തിന് കരിനിഴൽ വീഴ്ത്തി. ഊരാളുങ്കൽ ചുമതലയിൽ നിന്നൊഴിഞ്ഞു. എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നതോടെ തുക 53 കോടിയായി ഉയർന്നു. ടെൻഡർ നടപടി നേരത്തെ പൂർത്തീകരിച്ചു. പ്രദേശത്തെ മുന്നൂറിൽപ്പരം മരങ്ങൾ മുറിച്ചുമാറ്റണം. ഇതിന്റെ ടെൻഡർ 12 നാണ്. മരങ്ങൾകൂടി മാറ്റുന്നതോടെ മതിൽ നിർമാണം വേഗത്തിലാകും.
