പയ്യന്നൂരിൽ ഡംബിങ് യാർഡ് നിർമാണം തുടങ്ങി
പയ്യന്നൂർ : പൊലീസ് മൈതാനിയിലെ വാഹനങ്ങൾ നീക്കം ചെയ്യാനായി കോറോത്ത് ഡംബിങ് യാർഡിനായി ലഭ്യമാക്കിയ ഒരേക്കർ ഭൂമിയിൽ നിർമാണ പ്രവർത്തനം തുടങ്ങി. ഗാർഡ് റൂം, ഭൂമിക്ക് ചുറ്റും കമ്പിവേലി നിർമാണം എന്നിവയാണ് നടക്കുന്നത്. പ്രവൃത്തി ഉടൻ പൂർത്തിയാക്കും.
വിവിധ കേസുകളിൽ പിടികൂടി പയ്യന്നൂർ പൊലീസ് മൈതാനിയിൽ സൂക്ഷിച്ച വാഹനങ്ങൾ ഇവിടേക്ക് മാറ്റും. ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച പ്രദേശമാണ് പയ്യന്നൂർ. 1928ൽ ഇന്നത്തെ പൊലീസ് മൈതാനിയിൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചത്. എന്നാൽ ചരിത്രമുറങ്ങുന്ന പൊലീസ് സ്റ്റേഷൻ മൈതാനം വാഹനങ്ങൾ കുന്നുകൂട്ടുന്ന ഇടമായി. വിവിധ കേസുകളിൽ പൊലീസ് പിടിച്ച നിരവധി വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. ഇവയിൽ മിക്കതും ഉപയോഗയോഗ്യമല്ലാതായി.
പൊലീസ് മൈതാനം ചരിത്രപൈതൃകമായി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ടി.ഐ. മധുസൂദനൻ എം.എൽ.എ നടത്തിയ ഇടപെടലിനെ തുടർന്ന് സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായി മൈതാനം ചരിത്ര സ്‌മാരകമായി മാറ്റാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ ഒരു കോടി വകയിരുത്തി. ഇതിന്റെ ഭാഗമായാണ് മൈതാനിയിലെ വാഹനങ്ങൾ നീക്കം ചെയ്യാനായി കോറോത്ത് ഒരേക്കർ ഭൂമി റവന്യു വകുപ്പിൽനിന്നും ആഭ്യന്തര വകുപ്പിന് കൈമാറിയത്. വാഹനങ്ങൾ പൂർണമായും മാറ്റുന്നതോടെ മൈതാനം ചരിത്രസ്മാരകമാക്കാനുള്ള നടപടി തുടങ്ങും.
