എസ്.പി.ക്ക് പരാതി നൽകാം ക്യു.ആർ കോഡ് വഴി
കണ്ണൂർ : പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളിൽ പരാതിയുള്ളവർക്ക് അത് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കാനുള്ള ക്യു.ആർ കോഡ് സംവിധാനം ജില്ലയിൽ നിലവിൽ വന്നു. പൊതുജനങ്ങൾക്ക് സ്റ്റേഷനുകളിൽ പതിച്ച ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഓൺലൈനായി പരാതി നൽകാം. ഇതോടൊപ്പമുള്ള പ്രത്യേക ഫോർമാറ്റിൽ പരാതി നൽകുന്നതോടെ സ്വീകരിച്ചതായി സന്ദേശം ലഭിക്കും. പരാതിയുടെ പുരോഗതിയും തുടർനടപടികളും മെസേജായും ലഭിക്കും. 94979 27681 എന്ന നമ്പറിൽ കണ്ണൂർ റൂറൽ ജില്ലാ പൊലീസിന്റെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചും പരാതി അറിയിക്കാം.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലത നിർവഹിച്ചു. അഡീഷണൽ എസ്.പി ടി.പി. രഞ്ജിത്, ശ്രീകണ്ഠപുരം സി.ഐ എം. രാജേഷ്, സൈബർ സെൽ എ.എസ്.ഐ ഒതേനൻ, തളിപ്പറമ്പ് എസ്.ഐ യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
