വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 20 വർഷം തടവും ഒന്നരലക്ഷം പിഴയും
തളിപ്പറമ്പ്: വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പയ്യാവൂർ മരുതുംചാലിലെ സി. മോഹനനെയാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2016 സെപ്റ്റംബർ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 7.30 ഓടെ ബസ് സ്റ്റോപ്പിൽ അശ്ലീല ഭാഷയിൽ സംസാരിക്കുകയും ലൈംഗീകാതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്ത പ്രതി അന്നേ ദിവസം ഉച്ചക്ക് വയോധികയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
പയ്യാവൂർ എസ്.ഐ സി. മല്ലികയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ഐ.ടി. സത്യലാൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
