മാനന്തേരിക്ക് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം; 50 ലക്ഷം രൂപയുടെ ഭരണാനുമതി
മാനന്തേരി: വില്ലേജ് ഓഫീസിന് സ്വന്തം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി. 2022-23 സാമ്പത്തിക വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട് റവന്യു ഓഫീസ് നിർമ്മിക്കുക. പുതിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസർക്കും ജീവനക്കാർക്കുമായി നാല് മുറികളും പൊതുജനങ്ങൾക്ക് ഒരു കാത്തിരിപ്പ് മുറിയും ഉണ്ടാകും.
മുറ്റം ഇൻറർലോക്ക് ചെയ്യാനും ആവശ്യമായ ഫർണിച്ചറുകൾക്കും തുക വകയിരുത്തിയിട്ടുണ്ട്. ജീർണാവസ്ഥയിലുള്ള വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ തലശ്ശേരി താലൂക്കിലെ മാനന്തേരി വില്ലേജ് ഓഫീസിനെ സ്മാർട്ട് ഓഫീസിനായി പരിഗണിച്ചത്.
2022 നവംബർ 16ന്റെ റവന്യു വകുപ്പ് ഉത്തരവ് പ്രകാരമാണ് മാനന്തേരിയെ സ്മാർട്ട് വില്ലേജ് ആയി ഉയർത്താൻ തീരുമാനമായത്. ഇതുപ്രകാരം പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് 2023 ആഗസ്റ്റ് ആറിന് ലാൻഡ് റവന്യു കമ്മീഷണർ 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. 2024 മാർച്ച് 31ന് മുമ്പ് പണി പൂർത്തിയാക്കാനാണ് നിർദേശം.
റവന്യു ഓഫീസുകൾ ഇ ഓഫീസുകളായി, സേവനങ്ങളും സർട്ടിഫിക്കറ്റുകളും ഓൺലൈനായി മാറിയ സാഹചര്യത്തിലാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നത്. വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കാൻ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് താമസമില്ലാതെ, മികച്ച രീതിയിൽ വില്ലേജ് ഓഫീസുകളിൽനിന്നുള്ള സേവനം ലഭ്യമാക്കുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
