പ്രണയം: യുവാവിനെ തട്ടിക്കൊണ്ട് പോയി ലഹരി നൽകി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു, നഗ്നനാക്കി വീഡിയോ പകർത്തി

Share our post

മലപ്പുറം: എടപ്പാളിൽ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് ലഹരി നൽകി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എടപ്പാൾകോലളമ്പ് സ്വദേശിയായ പണ്ടാരത്തിൽ റഹ്‌മത്തിന്റെ ഫർഹൽ അസീസ് (23)നെയാണ് വീട്ടിൽ നിന്ന് തട്ടി കൊണ്ട് പോയി ലഹരി നൽകി വിവസ്ത്രനാക്കി ഒരു രാവും പകലും ക്രൂരമായി മർദ്ദനത്തിന് ഇരയാക്കിയത്. പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കവർന്ന സംഘം പൂർണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച ശേഷം വിവസ്ത്രനാക്കി ഉപേക്ഷിച്ചെന്നാണ് പരാതി. 

വിദേശത്ത് നിന്ന് ലീവിന് വന്ന ഫർഹൽ അസീസിനെ ഡിസംബർ 24ന് വൈകിയിട്ട് ഏഴ് മണിയോടെയാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടി കൊണ്ടു പോയത്. രാത്രി കോലളമ്പിലെ വയലിൽ വെച്ച് നേരം പുലരുവോളം മർദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിൽ അടച്ചിട്ട മുറിയിലെത്തിച്ചും മർദ്ദനം തുടർന്നു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും കവർന്ന സംഘം പൂർണ്ണ നഗ്‌നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് മറ്റൊരുസുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. 

സംഘത്തിൽ പെട്ട യുവാവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫർഹൽ അസീസിനെ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞാണ് സംഘം കൂട്ടി കൊണ്ട് പോയത്. പിന്നീട് 20 ഓളം വരുന്ന സംഘം സ്ഥലത്തെത്തി ഫര്‍ഹലിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പിറ്റെ ദിവസം വൈകിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കുകളോടെയാണ് യുവാവിനെ വിട്ടയച്ചത്. എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ചങ്ങരംകുളത്തെ കോലിക്കരയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ ബൈക്കിലെത്തിയ സംഘം ഉപേക്ഷിച്ചു.

അക്രമി സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കിൽ നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. സംഭവം പുറത്ത് പറഞ്ഞാൽ നഗ്‌നവീഡിയോ പുറത്ത് വിടുമെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും അക്രമി സംഘം ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. 

ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കയ്യിൽ മൂന്ന് സ്ഥലങ്ങളിൽ എല്ലിന് പൊട്ടലുണ്ട്. ശരീരത്തിന്റെ പല സ്ഥലത്തും  ബ്ലെയിഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചിട്ടുമുണ്ട്. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് അക്രിക്കപ്പെട്ട വിവരം യുവാവ് പുറത്ത് പറയുന്നത്. ലഹരി ഉപയോഗിച്ചിരുന്ന സംഘം വീര്യം കൂടിയ എംഡിഎംഎ എന്ന ലഹരി തന്റെ മൂക്കിലേക്ക് വലിപ്പിച്ചാണ് കെട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചതെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!