പ്രകൃതി ദുരന്തങ്ങളിൽ നഷ്ടം വരുന്ന മത്സ്യക്കൃഷിക്കാർക്ക് സഹായം ഉറപ്പാക്കും-മന്ത്രി
പിണറായി : പ്രകൃതിദുരന്തങ്ങളിൽ നഷ്ടംവരുന്ന സാഹചര്യമുണ്ടായാൽ മത്സ്യകൃഷിക്കാർക്ക് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യമേഖലയിലെ മികവിന് തൊഴിൽശ്രേഷ്ഠ പുരസ്കാരം ലഭിച്ച പാറപ്രത്തെ യുവകർഷകൻ ദിനിൽപ്രസാദിന്റെ കരിമീൻ കൂടുകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഞ്ചരക്കണ്ടി പുഴയിൽ അരകിലോമീറ്ററോളം തോണിയിൽ സഞ്ചരിച്ച് കൂട്ടിൽനിന്ന് കരിമീൻ കോരിയെടുത്തായിരുന്നു വിളവെടുപ്പ്. നെൽക്കൃഷിയുൾപ്പെടെയുള്ളവയ്ക്ക് നഷ്ടം വന്നാൽ സർക്കാർ സഹായം ലഭിക്കും. എന്നാൽ മത്സ്യക്കൃഷിയിൽ നഷ്ടമുണ്ടായാൽ സഹായം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഞായറാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിൽ മത്സ്യകൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമുള്ള ചില നിർദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തുമായി കൈകോർത്ത് അഞ്ചരക്കണ്ടി പുഴയിൽ ഫാം ടൂറിസം പദ്ധതി നടപ്പാക്കും. ഇതിന്റെ സാധ്യതകൾ സംബന്ധിച്ച് വിശദപഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ മാരിക്കൾച്ചർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇമൽഡ ജോസഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. സി.എം.എഫ്.ആർ.ഐ. പ്രിൻസിപ്പൽ സയൻറിസ്റ്റ് ഇമൽഡ ജോസഫ്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ സി.കെ. ഷൈനി, ബി. ഇഗ്നേഷ്യസ് മൺഡ്രോ, വാർഡംഗം കെ.പ്രവീണ, പി.എം.ദിനിൽ പ്രസാദ് എന്നിവർ സംസാരിച്ചു.
