‘ധനരാജിൻ്റെ ഈ വീടിനാണോ 40 ലക്ഷം ചെലവാക്കിയത്’; കണക്ക് പറയാതെ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി
കണ്ണൂര്‍: പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സി.വി ധനരാജിന്റെ കുടുംബത്തിന് വീട് നിര്‍മിക്കാനായി രക്തസാക്ഷി ഫണ്ടില്‍ നിന്ന് എത്ര തുക ചെലഴിച്ചുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി. സന്തോഷ്. ധനരാജിന് സിപിഎം നിര്‍മിച്ചു നല്‍കിയ വീടിന് 40 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ദൃശ്യങ്ങളില്‍ കണ്ട ഒറ്റനില വീടിനാണോ 40 ലക്ഷം രൂപ ചെലവഴിച്ചതെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ പലരും ഉന്നയിക്കുകയും ചെയ്തു. ‘മീഡിയവണ്‍’ സ്പെഷല്‍ എഡിഷനില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് സിപിഎം ഏരിയ സെക്രട്ടറി കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത്.
ധനരാജിന്റെ വീടിന് ചിലവായ തുക എത്രയാണെന്ന് കൃത്യമായി സിപിഎം അനുഭാവികളോട് പറഞ്ഞിട്ടുണ്ടെന്നും അത് പൊതുസമൂഹത്തിന് മുന്നില്‍ വിശദീകരിക്കേണ്ടതല്ലെന്നുമാണ് സിപിഎം ഏരിയ സെക്രട്ടറി നിലപാടെടുത്തത്. രക്‌സാക്ഷി ഫണ്ടില്‍ നിന്ന് സിപിഎമ്മിന്റെ ഭാഗമായ ഒരാളും അഞ്ചു പൈസ പോലും എടുത്തിട്ടില്ല. പാര്‍ട്ടിക്ക് അഞ്ചു പൈസ നഷ്ടപ്പെട്ടിട്ടിട്ടുമില്ല. ധനരാജിന്റെ വീടിന് ചെലവായ തുക എത്രയാണെന്നത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ബോധ്യപ്പെട്ട കാര്യമാണ്. വീടിന് പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണല്ലോ നിങ്ങള്‍ കാണുന്നതെന്നും പി. സന്തോഷ് ചോദിച്ചു.
ധനരാജ് വധക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വീടിന് ചിലവഴിച്ച തുക സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ഉയര്‍ന്നത്. ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികളെ മാത്രമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 16 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു. കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. വിധി പ്രോസിക്യൂഷനും സിപിഎമ്മിനും കനത്ത തിരിച്ചടിയായിരുന്നു.
2016 ജൂലൈ 11നാണ് സി.വി ധനരാജിനെ വീട്ടുമുറ്റത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സിപിഎം പിരിച്ചെടുത്ത രക്തസാക്ഷി ഫണ്ടില്‍ വന്‍ ക്രമക്കേട് നടന്നെന്ന ആരോപണം പാര്‍ട്ടിക്ക് വലിയ തലവേദനയുണ്ടാക്കിയിരുന്നു. പാര്‍ട്ടിയുടെ മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയും നിയമസഭയിലേക്ക് വിമതനായി മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. ധനരാജിന്റെ പേരില്‍ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്തുവെന്നും ഇതില്‍ 46 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായുമാണ് അദ്ദേഹം ആരോപിച്ചത്.
എന്നാല്‍, രക്തസാക്ഷി ഫണ്ടില്‍നിന്ന് ഒരു രൂപ പോലും പാര്‍ട്ടിക്ക് നഷ്ടമായിട്ടില്ലെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ വാദം. ഫണ്ട് താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി മാറ്റിയതില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയെന്നും പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചെന്നും രാഗേഷ് വിശദീകരിച്ചിരുന്നു.
