ഓപ്പറേഷൻ സൗന്ദര്യ; കണ്ണൂരിൽ തെറ്റായ വിവരങ്ങൾ അടങ്ങിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ നിയമവിരുദ്ധ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ കണ്ടെത്തി. കണ്ണൂർ താളിക്കാവ് റോഡിൽ പ്രവർത്തിക്കുന്ന എസ് കെ നോവെൽറ്റി എന്ന കോസ്മെറ്റിക് ഹോൾസെയിൽ സ്ഥാപനത്തിൽ നിന്നാണ് വില്പനക്കായി സൂക്ഷിച്ച മിസ്ബ്രാൻഡഡ് ലിപ്സ്റ്റിക്കുകളുടെയും ലിപ് ബാമുകളുടെയും വലിയ ശേഖരം കണ്ടെത്തിയത്.
ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ, ലേബലിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.
കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കെ വി സുധീഷിൻ്റെ നിർദ്ദേശപ്രകാരം ഡ്രഗ്സ് ഇൻസ്പെക്ടർമാരായ സോണിയ കൃഷ്ണൻ, വി ബേബി, പി എം സന്തോഷ്, ഇ. എൻ ബിജിൻ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ച 65000 രൂപ വിലവരുന്ന മിസ്ബ്രാൻഡഡ് കോസ്മെറ്റിക്കുകൾ കണ്ടെത്തി.
സ്ഥാപനത്തിനെതിരെ ഡ്രഗ്സ് ഇൻസ്പെക്ടർ വി. ബേബി നിയമ നടപടി ആരംഭിച്ചു. പിടിച്ചെടുത്ത തൊണ്ടി മുതലുകൾ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
