ധനരാജ് വധക്കേസ്: പാളിച്ച ഉണ്ടായെന്ന് സമ്മതിച്ച് പ്രോസിക്യൂട്ടർ; ‘പരിമിതികൾ ഉണ്ടായിരുന്നു, അപ്പീൽ പോകും’
കണ്ണൂർ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണ സംഘത്തിന് വീഴ്ചകളുണ്ടായെന്ന് സമ്മതിച്ച് പ്രോസിക്യൂട്ടർ സി.കെ.ശ്രീധരൻ. കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നാലു മുതൽ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.
‘ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയത് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളാണെന്ന് പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയതാണ്. 37-ഓളം മാരക മുറിവേൽപ്പിച്ച് ധനരാജനെ കൊലപ്പെടുത്തിയ ഈ മൂന്ന് പ്രതികളെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നു’ സി.കെ.ശ്രീധരൻ പറഞ്ഞു.
കൊലപാതകം നടന്ന ദിവസവും അതിന് ഒരു മാസം മുമ്പും നടന്ന ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് വാദിച്ചത്. അതുമായി ബന്ധപ്പെട്ട പ്രതികളെ കുറ്റവിമുക്തമാക്കുകയാണ് കോടതി ചെയ്തത്. ഇതിനെതിരെ അപ്പീൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ കാരണങ്ങൾ വ്യക്തമാക്കിയാണ് ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി പറഞ്ഞത്. അദ്ദേഹം അന്ന് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അതുകൊണ്ട് ഇയാൾ ഒരു സ്വതന്ത്ര സാക്ഷിയാണെന്ന് പറയാൻ കഴിയില്ലെന്നാണ് കോടതിയുടെ വാദമെന്നും എന്നാൽ ഇക്കാര്യം ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
‘കീഴ്ക്കോടതി വിധിയുടെ പകർപ്പ് ലഭിച്ചശേഷം മേൽക്കോടതിയെ സമീപിക്കും. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പാളിച്ച ഉണ്ടായോ എന്ന് ചോദിച്ചാൽ അത് തീർത്തും നിരാകരിക്കാൻ ഞാൻ ആളല്ല. പാളിച്ചകളുണ്ടെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാൻ അന്വേഷണ ഘട്ടത്തിൽ പരിമിതികൾ ഉണ്ടായിരുന്നു’ ശ്രീധരൻ കൂട്ടിച്ചേർത്തു.
