വാനിലയ്ക്ക് വില ഉയരുന്നു; കർഷകർക്ക് പ്രതീക്ഷ
ഇരിട്ടി: വിപണിയിൽ വാനിലയ്ക്ക് വീണ്ടും വിലയേറുന്നു. പച്ച വാനിലയുടെ വില കിലോയ്ക്ക് 450 രൂപയ്ക്ക് മുകളിലെത്തിയതോടെ മലയോരമേഖലയിലെ കർഷകർക്ക് ആശ്വാസം. വർഷങ്ങളായി വിലത്തകർച്ചയും വിപണിയിലെ അനിശ്ചിതത്വവും കാരണം പ്രതിസന്ധിയിലായിരുന്ന വാനില കൃഷിക്ക് വിലവർധന ഉണർവേകുകയാണ്.
ഒരുകാലത്ത് മലയോരകർഷകരുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നായിരുന്നു വാനില കൃഷി. റബർ, കുരുമുളക്, നാളികേരം തുടങ്ങിയ വിളകൾക്കൊപ്പം തെങ്ങിൻതോപ്പുകളിലും കവുങ്ങിൻതോട്ടങ്ങളിലും ഇടവിളയായാണ് വാനില വ്യാപകമായി കൃഷി ചെയ്തിരുന്നത്. കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്ത് മികച്ച വരുമാനം നേടാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത.
എന്നാൽ, പിന്നീട് വിപണിയിലുണ്ടായ വിലയിടിവ് കർഷകരെ വാനില കൃഷിയിൽനിന്ന് അകറ്റി. ഒരുകാലത്ത് വലിയ പ്രതീക്ഷയോടെ നട്ടുപിടിപ്പിച്ച വാനിലച്ചെടികൾ പല കൃഷിയിടങ്ങളിലും പരിപാലനമില്ലാതെ നശിച്ചുതുടങ്ങി. വിപണിയുടെ തകർച്ച കാരണം പുതുതായി കൃഷിയിറക്കാൻ കർഷകർ മടിച്ചുനിന്നതോടെ വാനില ഉത്പാദനവും ഗണ്യമായി കുറഞ്ഞു. ഇതിനിടയിലാണ് പച്ചവാനിലയ്ക്ക് വീണ്ടും വില ഉയരുന്നത്. വാനില കൃഷിയിൽ മികച്ച വിളവ് ലഭിക്കാൻ കൃത്യമായ പരിപാലനം ആവശ്യമാണ്. പൂക്കൾക്ക് കൈകൊണ്ട് പരാഗണം നടത്തേണ്ടിവരുന്നതും വിളവെടുപ്പിനും തുടർന്നുള്ള സംസ്കരണത്തിനും പ്രത്യേകശ്രദ്ധ ആവശ്യമായതും കൃഷിയെ അധ്വാനമേറിയതാക്കുന്നു. അതുകൊണ്ടുതന്നെ സ്ഥിരമായ വിപണിയും ന്യായമായ വിലയും ഉറപ്പായാൽ മാത്രമേ കൂടുതൽ കർഷകർ വാനില കൃഷിയിലേക്ക് തിരിച്ചെത്തുകയുള്ളൂ.
ഗുണമേന്മയുള്ള നടീൽ വസ്തുക്കളും കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും മികച്ച വിപണന സംവിധാനവും ഉറപ്പാക്കാനായാൽ വാനിലയ്ക്ക് മലയോര കാർഷിക മേഖലയിൽ വീണ്ടും നിർണായക സ്ഥാനം നേടാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
