പേരാവൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയിലെ സാധനങ്ങൾ ചുമട്ട് തൊഴിലാളികൾ സൗജന്യമായി മറ്റൊരു ലോറിയിലേക്ക് മാറ്റിനല്കി

Share our post

പേരാവൂർ: കുനിത്തലമുക്കിൽ മറിഞ്ഞ മിനി ലോറിയിലെ സാധനങ്ങൾ ചുമട്ട് തൊഴിലാളികൾ സൗജന്യമായി മറ്റൊരു ലോറിയിലേക്ക് മാറ്റിനല്കി. പേരാവൂർ ടൗണിലെ ചുമട്ട് തൊഴിലാളികളാണ് മാതൃകാപരമായ ഇടപെടൽ നടത്തിയത്.

കണ്ണൂരിൽ നിന്ന് പനമരത്തേക്ക് നിറയെ പ്ലൈവുഡുമായി വന്ന ലോറി ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് കുനിത്തലമുക്ക് കനറ ബാങ്കിന് മുന്നിൽ മറിഞ്ഞത്. പേരാവൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും ലോറിയിലെ പ്ലൈവുഡ് മാറ്റാൻ പറ്റാത്തതിനാൽ ലോറി റോഡിൽ നിന്ന് മാറ്റാൻ സാധിച്ചിരുന്നില്ല. പേരാവൂർ-നിടുംപൊയിൽ റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് പേരാവൂർ ടൗണിൽ നിന്ന് ചുമട്ട് തൊഴിലാളികൾ സ്ഥലത്തെത്തുകയും മറിഞ്ഞ ലോറിയിലെ മുഴുവൻ പ്ലൈവുഡുകളും മറ്റൊരു ലോറിയിലേക്ക്മാറ്റി നൽകുകയും ചെയ്തു.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് തൊഴിലാളികൾ സാധനങ്ങൾ മാറ്റി കയറ്റി നല്കിയത്. ചുമട്ട് തൊഴിലാളികളായ എൻ.രാജേഷ്, കെ.സജിത്ത്, കെ.ഗിരീശൻ, ടി.വിനോദ്, ടി.വി.ഷിജിൻ, സി.സുധീഷ്, കെ.വിനോയി, എം.വി.ശ്രീരൂപ്, സുധിൻ, പി.മഹേന്ദ്രൻ , കെ.എം.രമീഷ്, പി. ജെ. ജോർജ്,പി. ആർ. റനീഷ്, പി.അനീഷ്, പി.വിനോദൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്ലൈവുഡുകൾ മാറ്റി കയറ്റിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!