വീടുകളുടെ അടുക്കളയിലേക്ക് കൂട്ടത്തോടെ എത്തി ആഫ്രിക്കൻ ഒച്ചുകൾ; പൊറുതിമുട്ടി നാട്ടുകാർ
പാനൂർ : വീടുകളിലും പറമ്പുകളിലും ആഫ്രിക്കൻ ഒച്ചുകൾ പെരുകിയതോടെ കണ്ണൂർ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട്, കുറിച്ചിക്കര നിവാസികൾ ദുരിതത്തിൽ. വീടുകളിലും ചുമരുകളിലും അടുക്കളയിലും വരെ ഒച്ചുകൾ കൂട്ടത്തോടെ എത്തുന്നത് ദൈനംദിന ജീവിതം ദുസ്സഹമാക്കുകയാണ്. രാത്രിയും പുലർച്ചെയുമാണ് ഒച്ചുകളുടെ സാന്നിധ്യം കൂടുതലായി കാണുന്നത്. കൃഷിയിടങ്ങളിലെ പച്ചക്കറികളെ ഇവ നശിപ്പിക്കുന്നു. കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും ഒച്ചിന്റെ സാന്നിധ്യമുണ്ട്.
പ്രശ്നത്തെ സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിലും കൃഷിവകുപ്പിലും പരാതി നൽകി. ഒച്ചുകളെ തുരിശ് (കോപ്പർ സൾഫേറ്റ്) ഉപയോഗിച്ച് നശിപ്പിക്കാനുള്ള നിർദേശമാണ് അധികൃതർ നൽകിയത്. ബോധവൽക്കരണ ക്ലാസും നടത്തി. അതിരാവിലെ വീടും പരിസരവും പരിശോധിച്ച ശേഷം ഒച്ചുകളെ പാത്രത്തിൽ ശേഖരിക്കണമെന്നും തുടർന്ന് തുരിശ് ഉപയോഗിച്ച് ഇവയെ കുഴിച്ചു മൂടുകയും വേണം. ഒച്ചുകളുടെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത്, കൃഷി, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെ പ്രദേശത്ത് സമഗ്ര പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പരാതി ലഭിച്ചയുടൻ സ്ഥലം സന്ദർശിച്ചു. തുരിശ് വിതരണം ചെയ്തു. ആഫ്രിക്കൻ ഒച്ചുകളെ കെണിവച്ചു പിടിക്കുകയാണ് പരിഹാരം.ഒച്ചുകളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ജാഗ്രത വേണം. മെനിഞ്ചൈറ്റിസ് (മസ്തിഷ്കജ്വരം) പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
