സൈബർ കുറ്റവാളികളെ പൂട്ടാൻ ‘ക്ലിക്ക്’ ; ക്യാപ്റ്റനായി മെഗാസ്റ്റാർ മമ്മൂട്ടി
കൊച്ചി : വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കുറ്റകൃത്യങ്ങൾ നടന്നശേഷമുള്ള അന്വേഷണത്തേക്കാൾ അവ മുൻകൂട്ടി തടയുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പൊലിസ് ആവിഷ്കരിച്ച ക്ലിക്ക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയെ കേരള പൊലിസിന്റെ സൈബർ സുരക്ഷാ ക്യാപ്റ്റനായി മന്ത്രി പ്രഖ്യാപിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ പുതുതലമുറയിലെ ഓരോരുത്തരും ക്യാപ്റ്റന്മാരായി മാറണമെന്ന് മമ്മൂട്ടി ആഹ്വാനം ചെയ്തു. കുട്ടികൾ സാങ്കേതികവിദ്യ ശരിയായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം.
കുട്ടികൾ വാശിപിടിക്കുമ്പോഴോ കരയുമ്പോഴോ അവരെ ആശ്വസിപ്പിക്കാൻ സ്മാർട്ട്ഫോൺ നൽകുന്ന ശീലം ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിർമിതബുദ്ധിയുടെ കാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതകൾ ഏറെയാണ്. സൈബർ കുറ്റകൃത്യങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനും സമൂഹം പ്രാപ്തരാകണം. അതിനുള്ള സുപ്രധാന ചുവടുവയ്പാണ് ‘ക്ലിക്ക്’ പദ്ധതിയെന്നും മമ്മൂട്ടി പറഞ്ഞു.
ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് വിദ്യാർഥികൾക്ക് മമ്മൂട്ടി ക്ലിക്ക് ക്യാപ്റ്റൻ തൊപ്പികൾ അണിയിച്ചു. സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ, എഡിജിപി പി. വിജയൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സജി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
