‘കുട്ടി ഡ്രൈവിങ്’ കൗതുകമല്ല, കുറ്റമാണ്, പിടിക്കപ്പെട്ടാൽ ലൈസൻസിന് 25വയസ് വരെ കാക്കണം, വേറെയും ശിക്ഷ
പ്രായമാകുന്നതിന് മുൻപേ വാഹനത്തിന്റെ സ്റ്റിയറിങ് പിടിക്കുന്നവരും താക്കോൽ കൈമാറുന്ന രക്ഷിതാക്കളും ശ്രദ്ധിക്കുക. കൗമാരത്തിലെ ഒരു ഡ്രൈവിങ് സാഹസം ഭാവിയിലെ ലൈസൻസ് സ്വപ്നം ഏഴുവർഷത്തോളം വൈകിപ്പിച്ചേക്കാം. കുട്ടി നിയമവിരുദ്ധമായി വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ 25 വയസ്സ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ ലഭിക്കില്ല. കുട്ടിയുടെ നിയമലംഘനത്തിന് രക്ഷിതാവും വാഹന ഉടമയും നിയമനടപടി നേരിടേണ്ടിവരും.
മോട്ടോർവാഹന നിയമത്തിലെ 199-എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. 18 വയസ്സ് തികയുമ്പോൾ ലൈസൻസ് സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ വാഹനമോടിക്കുന്ന കുട്ടികൾ പിടിക്കപ്പെട്ടാൽ 25 വയസ്സുവരെ ലൈസൻസിന് അർഹതയുണ്ടാകില്ല. കുട്ടികൾക്കെതിരായ നടപടികൾ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും. കുറ്റത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ചാണ് തുടർനടപടി.
പ്രായപൂർത്തിയാകാത്തയാൾ നിയമംലംഘിച്ച് വാഹനമോടിച്ചതിന് പിടിയിലായാൽ പിന്നെ 25 വയസ്സ് തികഞ്ഞശേഷം മാത്രമേ ലേണേഴ്സ് ലൈസൻസിന് യോഗ്യതയുണ്ടാവൂ. വാഹനമോടിക്കുന്ന കുട്ടിക്ക് മാത്രമല്ല, രക്ഷിതാവിനും ശിക്ഷ ലഭിക്കും. രക്ഷിതാവിന് പരമാവധി മൂന്നുവർഷംവരെ തടവും 25,000 രൂപവരെ പിഴയുമാണ് ലഭിക്കുക. നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കും.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങളുമായി റോഡിലിറങ്ങി അപകടത്തിൽപ്പെടുന്നതും മരിക്കുന്നതും കൂടിവരുന്നത് കണക്കിലെടുത്താണ് 2019-ൽ മോട്ടോർവാഹന നിയമം പരിഷ്കരിച്ചപ്പോൾ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ബാല ഡ്രൈവിങ്ങിന് ശിക്ഷ കടുപ്പിച്ചത്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് കുട്ടി ഡ്രൈവർക്ക് 10,000 രൂപവരെ പിഴ ലഭിക്കും. ബാലനീതി നിയമപ്രകാരവും കുട്ടി ഡ്രൈവർക്ക് ശിക്ഷ ലഭിക്കും.
മോട്ടോർ വാഹന നിയമത്തിൽ 2019-ലാണ് ഭേദഗതിയിലൂടെ 199-എ വകുപ്പ് കൂട്ടിച്ചേർത്തത്. കുട്ടികൾ വാഹനമോടിച്ച് അപകടം ഉണ്ടാക്കിയാൽ രക്ഷിതാക്കളുടെയും വാഹനയുടമയുടെയും പേരിൽ കേസെടുക്കാൻ അനുമതി നൽകുന്നതായിരുന്നു ഈ നിയമം. അതേസമയം, ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നിസ്സാര കുറ്റകൃത്യത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യേണ്ടതില്ല. ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽമതി.
ജുവനൈൽ ഡ്രൈവിങ്ങിന്റെ ശിക്ഷകൾ
- ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 10,000 രൂപവരെ പിഴ ശിക്ഷയും, രക്ഷിതാവ്/വാഹന ഉടമയ്ക്ക് പരമാവധി മൂന്ന് വർഷംവരെ തടവും 25000 രൂപ പിഴ വേറെയും ലഭിക്കും.
- നിയമലംഘനം നടത്താൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കും.
- നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്സ് ലൈസൻസിന് അർഹത നേടണമെങ്കിൽ 25 വയസ് പൂർത്തിയാകണം.
- 2000 ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അർഹതയുണ്ടായി
