പഴശ്ശി സ്മൃതി മന്ദിരം കാടുമൂടി പാഴാകുന്നത് 2.64 കോടി

Share our post

മട്ടന്നൂർ: വീരകേരളവർമ പഴശ്ശിരാജയുടെ സ്മരണകൾ പുതുതലമുറയ്ക്ക് പകർന്നുനൽകാനും ചരിത്രപഠനത്തിനും ഗവേഷണത്തിനുമുള്ള കേന്ദ്രമായി വികസിപ്പിക്കാനും ലക്ഷ്യമിട്ട് 2.64 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പഴശ്ശി സ്മൃതി മന്ദിരം കാടുമൂടി. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സ്മൃതി മന്ദിരത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് എട്ടുമാസം പിന്നിടുകായണ്. നിലവിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കേണ്ട ചരിത്രസ്മാരകം കാടുകയറി നശിക്കുകയാണ്.

സ്മൃതി മന്ദിരത്തിന്റെ കവാടം മുതൽ പുതുതായി നിർമിച്ച ഓഡിറ്റോറിയം വരെയുള്ള ഭാഗങ്ങളിൽ കാട്ടുപുല്ലുകൾ വളർന്നുനിൽക്കുകയാണ്. ചരിത്രപ്രാധാന്യമുള്ള കേന്ദ്രത്തിന്റെ പരിസരം കാടുമൂടിയതോടെ ഇവിടെയെത്തുന്നവർക്ക് സ്മാരകം നേരിട്ട് കണ്ട് ചരിത്രം മനസ്സിലാക്കാനുള്ള അവസരവും നഷ്ടമാകുന്നു. മന്ദിരത്തിൽ നിർമിച്ച സ്റ്റേജും ഭക്ഷണശാലയും തെരുവുനായ്ക്കളുടെ താവളമാണ്.

പഴശ്ശിരാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് 2014ൽ കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതി മന്ദിരം നിർമിച്ചത്. തുടർന്ന് 2016ൽ പഴശ്ശിരാജയുടെ വീട്ടിത്തടിയിൽ തീർത്ത പ്രതിമയും ഇവിടെ സ്ഥാപിച്ചു. ബ്രിട്ടീഷുകാർക്കെതിരായ പഴശ്ശിരാജയുടെ പോരാട്ടങ്ങളുൾപ്പെടെയുള്ള ചരിത്രസംഭവങ്ങൾ ചുമർചിത്രങ്ങളിലൂടെയും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.

സ്മൃതി മന്ദിരത്തിന്റെ പിൻവശത്തായി നഗരസഭ ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറിയ സ്ഥലത്താണ് സ്റ്റേജും ഭക്ഷണശാലയുമടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ നിർമിച്ചത്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു.

തുടങ്ങാതെ രണ്ടാംഘട്ട പ്രവൃത്തി
പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളടക്കമുള്ള ചരിത്രം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷത്തോടെയാണ് സ്മൃതി മന്ദിരം ചരിത്രഗവേഷണ കേന്ദ്രമായി വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയത്. ചരിത്ര മ്യൂസിയം, ആംഫിതിയേറ്റർ, വിശ്രമകേന്ദ്രം, ഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയത്. എന്നാൽ ഇവയെല്ലാം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ രണ്ടാംഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി കേന്ദ്രം തുറന്നുകൊടുക്കേണ്ടതുണ്ട്. നിലത്ത് ഇന്റർലോക്ക് പാകൽ, ചുമർ പെയിന്റിംഗ് തുടങ്ങിയ പ്രവൃത്തികളാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കാനുള്ളത്. ഇവ പൂർത്തിയാക്കിയശേഷമേ സ്മൃതി മന്ദിരം പൊതുജനങ്ങൾക്കായി തുറന്നുനൽകൂ എന്നാണ് അധികൃതരുടെ നിലപാട്. തുടർപ്രവൃത്തികൾ ആരംഭിച്ചിട്ടുമില്ല


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!