മുക്കത്തെ ബസ്സുകളോടും; ആ കുരുന്നുകൾക്കായി, കാരുണ്യയാത്ര നവംബർ രണ്ടിന്
കോഴിക്കോട്: പ്രതിസന്ധികൾക്കിടയിലും സ്നേഹത്തിന്റെ മാതൃകതീർത്ത് മുക്കത്തെ മുപ്പതോളം സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും. നവംബർ രണ്ടിന് ബസുകളുടെ സ്നേഹയാത്രയിലെ വരുമാനം ചെന്നെത്തുക എസ്.എം.എ. ടൈപ്പ്-2 രോഗം ബാധിച്ച കോഴിക്കോട് കല്ലുരുട്ടിയിലെ മൂന്നുകുരുന്നുകളുടെ ചികിത്സാഫണ്ടിലേക്ക്.
പൂവത്തേരിച്ചാലിൽ വീട്ടിൽ ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നീ കുരുന്നുകളുടെ ചികിത്സയ്ക്കായുള്ള കാരണ്യയാത്രയുടെ പ്രഖ്യാപനം വ്യാഴാഴ്ച മുൻ എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിച്ചു.
തയ്യിൽ, വീ ഫോർ, അമ്പാടി, നിയ, ശ്രീരുദ്ര, ഫ്രണ്ട്‌സ്, ഫവാസ്, ഇ.എം.എസ്., പഞ്ചാബി, അനുഗ്രഹ, അസാരോ, സൗപർണിക, കെ.ബി.ടി., മഞ്ജു തുടങ്ങിയ ബസുകളാണ് കാരുണ്യയാത്രയിൽ പങ്കുചേരുക. ഇന്ധനച്ചെലവ് കിഴിച്ച് ജീവനക്കാരുടെ ശമ്പളമടക്കം സഹായധനത്തിലേക്ക് നൽകും.
കൗൺസിലർ ഹനീഫ് മുഹമ്മദ്, പി.സി. മുഹമ്മദ് ഇലിയാസ്, കെ. ബൈജു, നിഖിൽ ജെയ്‌സൺ, റഫീസ് തുടങ്ങിയവർ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുത്തു. അതിനിടെ കാസർകോട് ചട്ടഞ്ചാൽ-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ‘ഹുദാ’ ബസ് ഒൻപത് ട്രിപ്പുകളിലായി വ്യാഴാഴ്ച സമാഹരിച്ച 16,478 രൂപ കുട്ടികളുടെ ചികിത്സാഫണ്ടിലേക്ക് കൈമാറും.
