‘ആ കുട്ടിയെ എങ്ങനെയെങ്കിലും സ്കൂളിലെത്തിക്കണം’; ശ്രീരാഗിന്റെ സങ്കടക്കുറിപ്പിൽ വിരിഞ്ഞു, മുല്ലയുടെ ജീവിതം
വളയം (കോഴിക്കോട്): ‘മനസ്സുതൊട്ട ഒരു അനുഭവം ഡയറിക്കുറിപ്പായി എഴുതണം’ – അധ്യാപിക റംല പറഞ്ഞതുകേട്ട് വളയം ഗവ. എച്ച്.എസ്.എസ്. അഞ്ച് എ ഡിവിഷനിലെ ശ്രീരാഗ് മനസ്സുപൊള്ളിച്ച ആ സങ്കടക്കഥ കുത്തിക്കുറിച്ചു. ആ കുഞ്ഞുമനസ്സിലെ നോവിനുപിന്നിലെ േനരന്വേഷിച്ചിറങ്ങിയപ്പോൾ തെളിഞ്ഞത് ഇരുൾമൂടിയ ആര്യാൻ മുല്ലയെന്ന ബംഗാളി ബാലന്റെ ജീവിതവും.
ശ്രീരാഗിന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ: ‘ഞാൻ അച്ഛന്റെ കൂടെ ഒരു ബംഗാളി കുടുംബത്തിന്റെ താമസസ്ഥലത്തുപോയി. എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ കണ്ടു. അവന്റെ ഒരു കാൽ, മുട്ടിനുതാഴെ മുറിച്ചുമാറ്റിയിരുന്നു. സ്കൂളിൽ പോകാൻ കഴിയാത്ത അവനെയോർത്ത് എനിക്ക് സങ്കടമായി… ആ കുട്ടിയെ എങ്ങനെയെങ്കിലും സ്കൂളിലെത്തിക്കണം’ – കുറിപ്പ് അങ്ങനെ അവസാനിച്ചു.
കാൽമുറിച്ച കുട്ടിയെയും ഒക്കത്തെടുത്ത് ഒരാൾ വളയം അങ്ങാടിയിൽ വരുന്നതും സാധനങ്ങൾ വാങ്ങി മടങ്ങുന്നതതും ശ്രദ്ധിച്ച, ശ്രീരാഗിന്റെ അച്ഛൻ ഓട്ടോഡ്രൈവറായ സുനിൽ ആകാംഷകൊണ്ട് പിന്തുടർന്ന് വീട് കണ്ടുപിടിക്കുകയായിരുന്നു. പിന്നീട് മകനൊപ്പം പോയി അവരെ കണ്ടു. ശ്രീരാഗിന്റെ മനസ്സിലെ മുറിവേൽപ്പിച്ച കാഴ്ചയായി അത് മാറുകയായിരുന്നു.
ക്ലാസ്‌മുറിയിൽ അവസാനിക്കുമായിരുന്ന സങ്കടക്കുറിപ്പിലെ വേദന സഹ അധ്യാപകരുമായും റംല പങ്കുവെച്ചു. കുറിപ്പു വായിച്ച പ്രധാനാധ്യാപകൻ ടി. മഹേഷാണ് കാലുമുറിച്ച കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ കെ.സി. ലിജേഷ്, സി. നിഖിൽ, സി.പി. പ്രമിത എന്നീ അധ്യാപകരോടു നിർദേശിച്ചത്. അവർ വാടകവീട്ടിെത്തി.
ബംഗാൾ സ്വദേശി ഷാജഹാൻ മുല്ലയുടെയും കാശ്മീര മുല്ലയുടെയും മകനാണ് ആര്യാൻ മുല്ല. നാലുവയസ്സുള്ളപ്പോൾ കാലിന് പരിക്കേറ്റു. പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. ബംഗാളിലെ സ്കൂളിൽ നാലാം ക്ലാസുവരെ പഠിച്ചിരുന്നു. അച്ഛനൊപ്പം കേരളത്തിലേക്കുപോന്നു. പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും ജീവിതപ്രയാസം കാരണം നടന്നില്ല.
ആര്യാനെയുംകൂട്ടി സ്കൂളിലേക്കുവരാൻ അധ്യാപകർ അച്ഛനോട് പറഞ്ഞു. സുനിലിന്റെ ഓട്ടോയിൽ സ്കൂളിലെത്തിയ ആര്യാനെ ശ്രീരാഗിന്റെ ക്ലാസ്സിൽത്തന്നെ ചേർത്തു. സുനിൽ വാങ്ങിക്കൊടുത്ത യൂണിഫോമും സ്കൂളിൽനിന്ന് കിട്ടിയ ബാഗും കുടയുമായി ആര്യാൻ ക്ലാസിൽവന്നു തുടങ്ങിയപ്പോൾ ശ്രീരാഗിന് അടക്കാനാകാത്ത സന്തോഷം.
നടക്കാൻ ബുദ്ധിമുട്ടായതിനാൽ ഉച്ചഭക്ഷണം ഉൾപ്പെടെ വാങ്ങി കൊടുക്കുന്നത് ശ്രീരാഗാണ്. സുനിലിന്റെ ഓട്ടോയിലാണ് ഇരുവരുടെയും വരവും പോക്കും. ആര്യാന് കൃത്രിമക്കാൽ വെച്ചുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുനിലും സ്കൂൾ അധികൃതരും.
