ആലുവയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ യാത്ര നേരത്തേയാക്കണം
ആലുവ ∙ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്ന ഓക്ടോബർ 28 മുതൽ നവംബർ 6 വരെ ആലുവയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
- തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഭാരവാഹനങ്ങൾ ഇരിങ്ങാലക്കുടയിൽ നിന്നു തിരിഞ്ഞു കൊടുങ്ങല്ലൂർ, പറവൂർ, ചേരാനല്ലൂർ സിഗ്നൽ റോഡ് വഴി പോകണം. ടിപ്പർ, കണ്ടെയ്നർ ലോറികൾ മുതൽ ഗ്യാസ് പെട്രോളിയം ടാങ്കർ വരെ ഉള്ളവയ്ക്ക് ഇതു ബാധകമാണ്.
- തൃശൂർ ഭാഗത്തു നിന്ന് ആലുവയിലേക്കു വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിഞ്ഞു കാലടി, പെരുമ്പാവൂർ റോഡ് വഴി പോകണം.
- എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വരുന്ന ഭാരവാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്നു തിരിഞ്ഞു ചേരാനല്ലൂർ സിഗ്നൽ, പറവൂർ, കൊടുങ്ങല്ലൂർ റോഡ് വഴി പോകണം.
- കാക്കനാട് ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങൾ കളമശേരി കണ്ടെയ്നർ റോഡ് വഴി പറവൂർ, കൊടുങ്ങല്ലൂർ റൂട്ടിൽ പോകണം.
- കളമശേരി, അങ്കമാലി ഭാഗങ്ങളിൽ നിന്നു ഭാരവാഹനങ്ങൾ ആലുവ ഭാഗത്തേക്കു കടത്തിവിടില്ല.
- വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്ന് ആലുവ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂർ ജംക്ഷനിൽ നിന്നു തിരിഞ്ഞു യുസി കോളജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ എത്തി വലത്തേക്കു പോകണം.
- ആലുവയിൽ നിന്നു വരാപ്പുഴ, കടുങ്ങല്ലൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ തോട്ടയ്ക്കാട്ടുകര ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു കടുങ്ങല്ലൂർ റോഡ് വഴി പോകണം.
- പറവൂർ കവല–തോട്ടയ്ക്കാട്ടുകര സർവീസ് റോഡിലൂടെ പറവൂർ കവലയിൽ നിന്നു ഗതാഗതം അനുവദിക്കില്ല.
- അങ്കമാലി, പറവൂർ ഭാഗത്തു നിന്നു വരുന്ന ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നു മണപ്പുറം ഭാഗത്തേക്കു തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം.
- മാർത്താണ്ഡവർമ പുതിയ പാലത്തിൽ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കും.
- കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മനസ്സിലാക്കി യാത്ര നേരത്തേ തുടങ്ങണം. സിയാലും ഇതു സംബന്ധിച്ചു നിർദേശം നൽകിയിട്ടുണ്ട്.
- ആവശ്യമെങ്കിൽ ആലുവ നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ടാകും.
