ഒറ്റരാത്രികൊണ്ട് സർക്കാർ ജോലി നഷ്ടമായി; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിഷേധം

Share our post

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിഷേധം. റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്തിരുന്ന അഞ്ചു ജീവനക്കാരാണ് അപ്രതീക്ഷിതമായി പിരിച്ചുവിട്ടതിനെ തുടർന്ന് കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

പിഎസ്സി അഡ്വൈസ് പ്രകാരം നിയമനം ലഭിച്ച് രണ്ടര വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്ന ജീവനക്കാരെയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവീസിൽനിന്ന് ഒഴിവാക്കിയത്. അവധി ദിനത്തിന്റെ തലേദിവസം രാത്രി വാട്സ്ആപ്പിലൂടെയാണ് തങ്ങളെ പിരിച്ചുവിട്ട വിവരമറിയുന്നതെന്ന് ജീവനക്കാർ പറഞ്ഞു.

തസ്തിക മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തങ്ങളെ ഒഴിവാക്കിയതെന്നും യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും ഒരു അറിയിപ്പും കൂടാതെ തങ്ങളെ മാത്രം പിരിച്ചുവിട്ടത് മാനസികമായും സാമ്പത്തികമായും വലിയ തകർച്ചയുണ്ടാക്കിയെന്നും ജീവനക്കാർ പറഞ്ഞു. ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനായി സ്റ്റേ ഓർഡർ നേടിയിട്ടുണ്ടെങ്കിലും അടിയന്തരമായി ഇടപെട്ട് സർവീസിൽ തുടരാൻ സാഹചര്യം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും മറ്റ് ജനപ്രതിനിധികളെയും മന്ത്രിമാരെയും കാണുകയും ചെയ്തിട്ടുണ്ട്. സർവീസിൽനിന്ന് വിരമിക്കുന്നത് വരെ മറ്റ് തടസ്സങ്ങളില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

കളക്ടറേറ്റിൽ ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ സർവീസിൽ കയറി ആറുമാസം കഴിഞ്ഞപ്പോൾ ക്ലാർക്കായി നിയമവിരുദ്ധമായ സ്ഥാനക്കയറ്റം ലഭിച്ച അഞ്ചുപേരെ കഴിഞ്ഞ ദിവസം തരംതാഴ്ത്തിയിരുന്നു. ഇവർക്ക് സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിൽ ഒന്നരവർഷം മുൻപ് നിയമനം ലഭിച്ച മറ്റ് അഞ്ചുപേരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടാണ് കളക്ടർ ഉത്തരവിറക്കിയത്. ജോലി നഷ്ടമായ അഞ്ച് വനിതാ ജീവനക്കാരും പി.എസ്.സി. വിജ്ഞാനപ്രകാരം കളക്ടറുടെ നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവീസിൽ തുടരുന്നവരാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!