അടിയേറ്റ് തെറിച്ചുവീണെന്ന് കള്ളമൊഴി ഉണ്ടാക്കി’; വീണാ ജോർജിനെ അക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി വനിതാ എസ് .ഐ
കണ്ണൂർ: മന്ത്രിയായിരിക്കെ വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ തന്റെ പേരിൽ അന്വേഷണസംഘം രേഖപ്പെടുത്തിയത് കൃത്രിമ മൊഴിയാണെന്ന വെളിപ്പെടുത്തലുമായി വനിതാ എസ്.ഐ. മുൻ കണ്ണൂർ ടൗൺ എസ്.ഐ. ദീപ്തി ആണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മുൻപാകെ ഇതുസംബന്ധിച്ച് വിവരങ്ങൾ നൽകിയത്. കേസിൽ താൻ ഇതുവരെ ഒരു മൊഴിയും നൽകിയിട്ടില്ലെന്നും തന്റെ പേരിൽ നിലവിൽ അന്വേഷണ സംഘത്തിന്റെ പക്കലുള്ള മൊഴി പൂർണമായും വ്യാജമാണെന്നും അവർ വ്യക്തമാക്കി.
അക്രമത്തിനിടയിൽ അടിയേറ്റ് വീണ ജോർജ് തെറിച്ചുവീണു എന്ന തരത്തിൽ അന്വേഷണസംഘം തന്റെ പേരിൽ കള്ളമൊഴി ഉണ്ടാക്കി രേഖപ്പെടുത്തുകയായിരുന്നെന്ന് വനിതാ എസ്.ഐ. വെളിപ്പെടുത്തി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ ജോർജ് എത്തിയപ്പോൾ അവരുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയാണ് ദീപ്തി. റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളിൽ ഇവർ വീണാ ജോർജിന്റെ മുന്നിൽ നിൽക്കുന്നതും സംസാരിക്കുന്നതും ഉടനീളം മന്ത്രിക്കൊപ്പം തുടരുന്നതും വ്യക്തമാണ്.
നേരത്തെ ആയുധമുപയോഗിച്ച് ആക്രമിച്ചതായി മൊഴി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ടാണെന്നും താൻ നേരിൽ കണ്ടിട്ടില്ലെന്നും ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) മൊഴി നൽകിയിരുന്നു. പ്രതിഷേധക്കാർക്കുനേരേ വധശ്രമത്തിന് കേസെടുക്കാൻ കാരണമായത് ഗൺമാന്റെ ആദ്യ മൊഴിയായിരുന്നു. എന്നാൽ, ആയുധമുപയോഗിച്ച് ആക്രമിച്ചുവെന്ന തരത്തിൽ ആദ്യമൊഴി നൽകിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്നും സമരക്കാർ തന്നെ വധിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ഗൺമാൻ അഭിലാഷ് ഇപ്പോൾ എസ്.ഐ.ടി.ക്ക് നൽകിയ മൊഴി.
ഗൺമാന് പുറമേ സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മന്ത്രിയെ ആക്രമിക്കുന്നത് കണ്ടില്ലെന്നാണ് പോലീസുകാരും മൊഴി നൽകിയത്. മുൻ മന്ത്രിയെ അടിക്കുകയോ ആയുധമുപയോഗിച്ച് ആക്രമിക്കുകയോ ചെയ്യുന്നത് കണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളിൽ വ്യക്തമായ മറുപടിയുണ്ടായില്ല. കെ.എസ്.യു. പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്.ഐ.ടി. പരിശോധിക്കുന്നുണ്ട്. പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിലെത്തി കഴിഞ്ഞദിവസം വീണാ ജോർജിന്റെ മൊഴിയും എസ്.ഐ.ടി. സംഘം രേഖപ്പെടുത്തിയിരുന്നു. മൊഴിയിൽ വധശ്രമം നടന്നിരുന്നില്ലെന്ന് പറഞ്ഞതായാണ് വിവരം.
കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, ബിതുൽ ബാലൻ, വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, അഹമ്മദ് യാസീൻ എന്നിവർക്കെതിരേ വധശ്രമ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. രണ്ടാഴ്ചത്തെ റിമാൻഡ് കഴിഞ്ഞാണ് പ്രവർത്തകർ ജാമ്യത്തിൽ പുറത്തിറങ്ങിയത്. 2026 ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു അന്നത്തെ മന്ത്രി വീണയ്ക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.
‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് എന്തോ ആയുധമുപയോഗിച്ച് അഞ്ച് കെ.എസ്.യു. പ്രവർത്തകർ മന്ത്രിക്കുനേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചെന്നാണ് റെയിൽവേ പോലീസിന്റെ എഫ്.ഐ.ആർ. ഒപ്പം മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പോലീസിന്റെ കൃത്യനിർവഹണം തടഞ്ഞു, റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചു കയറി പ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയ വകുപ്പുകളും ചേർത്തു. എന്നാൽ, കുറ്റപത്രം നൽകുമ്പോൾ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു.
