സംസ്ഥാനത്ത് സ്ത്രീധനപീഡനത്തിൽ ഏഴ് വർഷത്തിനിടെ ജീവൻ നഷ്ടമായത് 44 പേർക്ക്
ആലപ്പുഴ: നിയമനടപടിയും ബോധവത്കരണവും ശക്തമാകുമ്പോഴും വീടുകളിലെ അതിക്രമങ്ങൾക്ക് അറുതിയില്ല. സംസ്ഥാനത്ത് ഈ വർഷം ഓഗസ്റ്റു വരെ ഗാർഹികപീഡനവുമായി ബന്ധപ്പെട്ട് 2,228 കേസ് രജിസ്റ്റർ ചെയ്തതായി പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കൊപ്പം സ്ത്രീധനത്തിനായുള്ള സമ്മർദവും സാമ്പത്തികചൂഷണവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങളും സ്ത്രീജീവിതം ദുരിതത്തിലാക്കുന്നു. ഭർത്താക്കന്മാരുടെ വർധിച്ചുവരുന്ന ലഹരി ഉപയോഗവും അതിക്രമങ്ങൾക്കിടയാക്കുന്നു.
2024-ൽ ഭർത്തൃപീഡനവുമായി ബന്ധപ്പെട്ട് 4,515 കേസാണ് രജിസ്റ്റർ ചെയ്തത്. 2025-ൽ ഇത് 3,986 ആയി കുറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലെ പീഡനങ്ങൾ ജീവനെടുക്കുന്ന സാഹചര്യം തുടരുകയാണ്. ഏഴു വർഷത്തിനിടെ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 44 സ്ത്രീകൾക്കു ജീവൻ നഷ്ടമായി. 2023-ൽ എട്ടുപേരും 2024-ൽ മൂന്നുപേരും 2025-ൽ ആറുപേരും മരിച്ചു. ഈ വർഷം ഇതുവരെ ഒരാൾ മരിച്ചു.
ബോധവത്കരണം വീടുകളിൽ തുടങ്ങണം
പ്രശ്നങ്ങളുടെ ഉറവിടം വീടുകൾ തന്നെയാണ്. പുതിയ തലമുറക്കാരെ മാത്രമല്ല, പഴയ തലമുറയെയും ബോധവത്കരിക്കണം. ടെലിവിഷൻ സീരിയലുകളിലെ അനുകരണം പലയിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബോധവത്കരണത്തിന് പുതിയ മാതൃക ആവിഷ്കരിക്കണം. എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നിലെത്തുമ്പോഴും വീടുകളിലെ അവരുടെ സ്ഥാനത്തിന് വലിയ മാറ്റം വന്നിട്ടില്ല- ഡോ. അഞ്ജുലക്ഷ്മി, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്.
