രമ്യ ഹരിദാസ് എം.എൽ.എക്ക് പകരം ഉദ്ഘാടകനായി മന്ത്രിയുടെ ഭർത്താവ്
തിരുവനന്തപുരം: പുതിയ കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ്. ചിറയിൻകീഴിലാണ് സംഭവം. സ്ഥലം എംഎൽഎയായ രമ്യാ ഹരിദാസിന് പകരക്കാരനായാണ് മന്ത്രിയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാർ ഉദ്ഘാടകന്റെ വേഷമണിഞ്ഞത്. സംഭവം ഇപ്പോൾ രാഷ്ട്രീയവിവാദമായിരിക്കുകയാണ്.
ചിറയൻകീഴിൽ നിന്ന് കൊല്ലത്തേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിന്റെ ഉദ്ഘാടനമാണ് വിവാദമായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. മന്ത്രിയുടെ ഭർത്താവ് സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ പരാതി നൽകി. സിപിഐ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അൻവർ ഷായാണ് കെഎസ്ആർടിസി എംഡിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും പരാതി നൽകിയത്.
