കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്ര; അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍

Share our post

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ വിവാദ പ്രാഗ് യാത്രയില്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. യാത്രയുടെ പ്രാഥമിക വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. കെ എം ഷാജിയുടെ യാത്രാ ഉദ്ദേശ്യം രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും. ക്രിമിനല്‍ കേസിലെ പ്രതികളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.

സര്‍ക്കാര്‍ അനുമതിയില്ലാതെ ചെക്ക് റിപബ്ലിക്കില്‍ യാത്ര നടത്തിയ മന്ത്രി കെ എം ഷാജി ഒന്നിലധികം ദിവസം അവിടെ ചെലവഴിച്ചെന്നാണ് സൂചന. സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ എടുത്ത ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 16 മുതല്‍ 26 വരെയായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള മന്ത്രിയുടെ യാത്ര. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ഇല്ലാതെയാണ് കെ എം ഷാജി പ്രാഗില്‍ പോയത്. നാല് രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ മാത്രമാണ് കെഎം ഷാജിക്ക് അനുമതി ലഭിച്ചിരുന്നത്. ഓസ്ട്രിയ, ബള്‍ഗേറിയ, സ്വിറ്റ്സര്‍ലന്റ്, യുഎഇ എന്നീ രാജ്യങ്ങളായിരുന്നു അത്.

കെ എം ഷാജിയുടെ ചെക്ക് റിപബ്ലിക്ക് യാത്ര സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് മുന്‍ മന്ത്രി പി രാജീവ് ആരോപിച്ചു. മറ്റേതൊക്കെ മന്ത്രിമാര്‍ ഇത്തരത്തില്‍ അനുമതി വാങ്ങി പോയി, വാങ്ങാതെ പോയി എന്നൊക്കെ ഇനി പുറത്തു വരാനുണ്ട്. ഏത് വണ്ടിയിലും സഞ്ചാരിക്കാം. താന്‍ സഞ്ചരിക്കുന്നതാണ് മന്ത്രിയുടെ വാഹനം എന്നാണല്ലോ മന്ത്രി പറയുന്നത്. സ്വാഭാവികമായും താന്‍ പോകുന്നിടത്തെല്ലാം അനുമതി കിട്ടും എന്നായിരിക്കും മന്ത്രി ധരിച്ചിട്ടുണ്ടാവുകയെന്നും പി രാജീവ് പരിഹസിച്ചു.

‘യാത്രകളില്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. അതില്ലാതെയാണ് യാത്ര നടത്തിയിരിക്കുന്നത് എന്നത് ഗൗരവകരമാണ്. സ്വകാര്യ സന്ദര്‍ശനം ആണെങ്കില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സര്‍ക്കാര്‍ തുറന്നു കാണിക്കപ്പെട്ടുവെന്നും’ മുന്‍ മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കെ എം ഷാജിയുടെ യാത്രകളില്‍ ദുരൂഹതയുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. യാത്ര എന്തിനായിരുന്നുവെന്ന് കെ എം ഷാജി വ്യക്തമാക്കണം. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!