‘ഞാൻ പൊക്കോളാം, കുഴപ്പമില്ല’; അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി മുഖ്യമന്ത്രി, ആശുപത്രിയിലെത്തിച്ചത് പൈലറ്റ് വാഹനത്തിൽ

Share our post

കൊച്ചി: കണ്ടെയ്‌നർ റോഡിൽ അപകടത്തിൽപ്പെട്ട് വഴിയിൽക്കിടന്ന ബൈക്ക് യാത്രക്കാരനായ യുവാവിന് രക്ഷകനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവം കണ്ടയുടൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പരിക്കേറ്റയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലാക്കി.

മുളവുകാട് സ്വദേശി അലൻ ലിവോറ (32) യായിരുന്നു അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചേരാനല്ലൂരിൽനിന്ന് എറണാകുളത്തേക്ക് മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെയാണ് കോതാട് മൂലമ്പിള്ളി പാലത്തിനുമുകളിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രക്തംവാർന്നനിലയിൽ റോഡിൽ യുവാവ് കിടക്കുന്നത് കണ്ടത്.

ഉടൻ മുഖ്യമന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി. ഗൺമാനും മറ്റ് സുരക്ഷാ ജീവനക്കാരും മുഖ്യമന്ത്രിക്ക് പിന്നാലെയെത്തി. മറ്റ് വാഹനങ്ങളൊന്നുമില്ലാതിരുന്നതിനാൽ എസ്‌കോർട്ട് വാഹനത്തിലേക്ക് കയറ്റാൻ മുഖ്യമന്ത്രി നിർദേശിച്ചു. താൻ പൊയ്ക്കോളാമെന്നും പൈലറ്റ് വാഹനം ആശുപത്രിയിലേക്ക് അയക്കാനും നിർദേശിച്ചു.

അലനുമായി ഗൺമാൻ വിനിൽ പാപ്പച്ചനും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് പോയതിനുശേഷമാണ് മുഖ്യമന്ത്രി സംഭവസ്ഥലത്തുനിന്ന് മടങ്ങിയത്. അലൻ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലാണ്. അപകടം സംബന്ധിച്ച് വരാപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!