തൂഫാന് മാർഗരേഖയായി; ലഹരിക്കടത്തുകാരുടെ സ്വത്ത് മുഴുവൻ കണ്ടുകെട്ടും,കുടുക്കാൻ ‘ഫോളോ ദി മണി’

Share our post

കൊല്ലം: ലഹരിക്കടത്തുകാരുടെ ഭൂമിയും വാഹനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്യാൻ ഓപ്പറേഷൻ തൂഫാൻ മാർഗരേഖ വിഭാവനംചെയ്യുന്നു. ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി മുദ്രകുത്താതെ, രോഗികളായിക്കണ്ട് പുനരധിവസിപ്പിക്കാനുള്ള ‘തൂഫാൻ കെയർ’ ഇതിന്റെ ഭാഗമായി നടപ്പാക്കും. കേരള പോലീസ് നടപ്പാക്കിവരുന്ന പദ്ധതിയുടെ വിശദമായ നടപടിക്രമങ്ങൾ സർക്കാർ അംഗീകരിച്ചു.

കുടുക്കാൻ ‘ഫോളോ ദി മണി’

ലഹരി ഉപയോഗിക്കുന്ന സാധാരണക്കാർക്കു പിന്നാലെ പോകുന്നതിനു പകരം, ലഹരിക്കടത്തിന് പണം മുടക്കുന്ന വൻകിട നിക്ഷേപകരെയും റാക്കറ്റുകളെയും പിടികൂടും. പ്രതികളുടെ ബാങ്ക് ഇടപാടുകൾ, യു.പി.ഐ.വിവരങ്ങൾ, ക്രിപ്റ്റോ വാലറ്റുകൾ എന്നിവ പരിശോധിച്ച്, ലഹരി വിറ്റ് സമ്പാദിച്ച മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടും.

‘ടീം തൂഫാൻ’ ഗ്രൗണ്ട് ടാസ്‌ക് ഫോഴ്‌സ്

സബ്-ഡിവിഷണൽതലത്തിൽ ഡിവൈ.എസ്.പി.മാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ 16 ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക ‘ടീം തൂഫാൻ’ സ്‌ക്വാഡുകൾ രൂപവത്കരിക്കും. ഇതിൽ വിവരശേഖരണം, കണ്ടെത്തൽ, അന്വേഷണസഹായം, ബോധവത്കരണം എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ടാകും. റെയിൽ റൂട്ടുകൾ, അതിർത്തി ചെക്പോസ്റ്റുകൾ, തീരദേശങ്ങൾ, കൂറിയർ-പാഴ്സൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ‘തൂഫാൻ സ്ട്രൈക്ക്’ മിന്നൽപ്പരിശോധനകൾ നടത്തും.

കൈത്താങ്ങായി ‘തൂഫാൻ കെയർ’

ലഹരി ഉപയോഗിക്കുന്നവരെ പുനരധിവസിപ്പിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മനോരോഗ വിദഗ്ധർ, ശിശുരോഗ വിദഗ്ധർ എന്നിവരുടെ സഹകരണത്തോടെ ജില്ലാതല ഹെൽപ്പ് സെന്ററുകൾ ഒരുക്കും.

20 ലക്ഷം ‘തൂഫാൻ വോറിയേഴ്സ്’

ലഹരിവിരുദ്ധപോരാട്ടത്തെ ജനകീയമുന്നേറ്റമാക്കി 20 ലക്ഷത്തിലധികം ‘തൂഫാൻ വോറിയേഴ്സി’നെ അണിനിരത്തും. തൊഴിലിടങ്ങൾ ലഹരിമുക്തമാക്കാൻ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ‘തൂഫാൻ ഷീൽഡ്’-മയക്കുമരുന്നുപയോഗം തടയൽ നയം നടപ്പാക്കും.

ഹൈടെക് ഇന്റലിജൻസും രഹസ്യ റിപ്പോർട്ടിങ്ങും

സംസ്ഥാനത്തെ ലഹരിക്കേസുകളിലെ മുൻനിരയിലുള്ള 200 സ്ഥിരം കുറ്റവാളികളുടെയും 500 പുതിയ കുറ്റവാളികളുടെയും വിവരശേഖരം കേന്ദ്രീകൃത ഇന്റലിജൻസ് സെൽ വഴി സൂക്ഷിക്കും. ഡാർക്ക് വെബ്, ഡിജിറ്റൽ െഫാറൻസിക്സ്, ഫോൺവിളി പരിശോധന എന്നിവയിൽനിന്നും വിവരങ്ങൾ ശേഖരിക്കും. പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാൻ വാട്‌സാപ്പ് ചാനലുകളും ഹെൽപ്പ് ലൈനുകളും സജ്ജീകരിച്ചിട്ടുണ്ട്. അയൽസംസ്ഥാനങ്ങളിലെ പോലീസുമായി ചേർന്നും പരിശോധന നടത്തും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!