അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സംസ്ഥാന പൊലീസ് ഉപമേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി. കോട്ടയം വിജിലന്‍സ് കോടതിയാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്. 2013ലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റ പശ്ചാത്തലത്തിലാണ് വിജിലന്‍സ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു കേസ്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക വിധി പുറത്തു വരുന്നത്.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയെങ്കിലും അതിന്റെ വരവ് ബോധ്യപ്പെടുത്താന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. ബുധനാഴ്ചയാണ് കേസില്‍ വിചാരണ പൂര്‍ത്തീകരിച്ചത്. ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറിയെ അടക്കം കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി മുന്‍ അഡിഷണല്‍ ഡിജിപി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളാക്കിയും വിസ്തരിച്ചിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. കോട്ടയം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് ( വിജിലന്‍സ്) കെ വി രജനീഷ് ആണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ കെ ശ്രീകാന്ത് ഹാജരായി.
സ്വത്ത് വകകള്‍ കുടുംബ വിഹിതമായും ഇഷ്ടദാനമായും കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാല്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. 2007ല്‍ തച്ചങ്കരിക്ക് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. പിന്നാലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കോടതി വിധി പറയുന്ന ഘട്ടത്തില്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട് എന്ന വാദം തച്ചങ്കരി കോടതിയില്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ ശിക്ഷാ നടപടികള്‍ എന്താകും എന്ന് ഇന്ന് തന്നെ വിധി പറയും എന്നാണ് കരുതുന്നത്.
