ബംഗാൾ വഴി കണ്ണൂരിലേക്ക്, നാല് ബംഗ്ലാദേശി യുവതികൾകൂടി അറസ്റ്റിൽ; കൂടുതൽ പേരും സ്പായിൽ, ആകർഷണം ‘ടിപ്പ്’

Share our post

കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂരിൽ ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി ടൗൺ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച ഒരു യുവതി പിടിയിലായിരുന്നു. ഇതോടെ രണ്ടുദിവസത്തിനുള്ളിൽ അറസ്റ്റിലാകുന്ന ബംഗ്ലാദേശികളുടെ എണ്ണം അഞ്ചായി. നസ്മ അഖ്തർ (40), കെ.തസ്ലിമ (25), കെ.മൊയ്‌ന (29), നസ്‌റിൻ ബീബി (28) എന്നിവരാണ് അറസ്റ്റിലായത്.

താണയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് നഗരത്തിലെ സ്പാ മസാജ് സെന്ററിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

ടൗൺ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ടൗൺ എസ്‌.െഎ. ടി.കെ.അഖിലിന്റെ പോലീസ് സംഘമാണ് യുവതികളെ അറസ്റ്റു ചെയ്തത്. സി.പി.ഒ.മാരായ കിരൺ, വിജേഷ്, പി.സി.നീതു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഗുവാഹാട്ടി -ബംഗാൾ വഴി കണ്ണൂരിലേക്ക്

കണ്ണൂർ: ബംഗ്ലാദേശിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യുവതികളെ എത്തിക്കാൻ സംസ്ഥാനത്തും പുറത്തും വലിയ ഏജൻസികളുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ ബോധ്യമായി. കണ്ണൂരിൽനിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെ പിടികൂടിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ കിട്ടിയത്.

ബംഗ്ലാദേശിൽനിന്ന് അതിർത്തി കടത്താൻ ഏജന്റുമാരുണ്ട്. നേരേ പശ്ചിമബംഗാളിലേക്കാണ് എത്തുന്നത്. അവിടെനിന്ന് ഫോട്ടോയെടുത്ത് വ്യാജ ആധാർകാർഡും മൊബൈൽ സിംകാർഡും സംഘടിപ്പിക്കും. തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി യാത്രതുടങ്ങുന്നത്. എവിടെയെങ്കിലും പോലീസ് പരിശോധനയുണ്ടായാൽ ആധാർ കാർഡിലെ ഫോട്ടോയും കണ്ണിലെ കൃഷ്ണമണിയും പരിശോധിച്ചാൽ ആധാർ കാർഡിലുള്ള ആൾതന്നെയാകും. എന്നാൽ അവരുടെ മേൽവിലാസം കൃത്യമായിരിക്കില്ല.

കൂടുതൽ പേരും സ്പായിൽ

സ്പായിൽ ജോലിക്കായിട്ടാണ് പലരും കേരളത്തിലെത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഏജന്റ് മുഖേന മുംബൈയിൽനിന്നാണ് പ്രധാനമായും ‘റിക്രൂട്ട്‌മെന്റ്’ നടത്തുന്നത്. ജോലിചെയ്യുന്ന സ്ഥാപനവും താമസസ്ഥലവും വിട്ട് ഇവർ എവിടെയും പോകാറില്ല. ഒഴിവുദിവസങ്ങളിൽപോലും ജോലിചെയ്യും.

ശമ്പളത്തിനുപുറമെ വലിയ തുക ‘ടിപ്പായും’ ലഭിക്കുമെന്നുള്ളതാണ് ഈ മേഖല കൂടുതൽ പേരെ ആകർഷിക്കുന്നത്. 20 മുതൽ 50 വയസ്സുവരെയുള്ളവരാണ് പ്രധാനമായും എത്തുന്നതെന്നാണ് പോലീസ് പറയുന്നത്.

പരിശോധന വ്യാപിപ്പിക്കാൻ പോലീസ്

ബംഗ്ലാദേശി പൗരന്മാർ ഇനിയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപിപ്പിക്കും. അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി.വി.വിജയ് ഭരത് റെഡ്ഡി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!