ആറളം ഫാമിൽ 4.16 കോടിയുടെ പദ്ധതി എങ്ങുമെത്തിയില്ല

Share our post

ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കാനിരുന്ന 4.16 കോടിയുടെ വികസന പദ്ധതികളൊന്നും എങ്ങുമെത്തിയില്ല. ഫാമിൽനിന്ന് അവസാന ആനയേയും വനംകയറ്റി കൃഷിഭൂമി സംരക്ഷിച്ച് ജനജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നത്.

10.5 കിലോമീറ്റർ വനാതിർത്തിയിൽ ആനമതിലും ഫാമിന്റെ വിവിധ ബ്ലോക്കുകളെ കോർത്തിണക്കി വൈദ്യുതി വേലിയും സോളാർ വേലിയുമെല്ലാം പൂർത്തിയാകുന്നതോടെ വന്യമൃഗശല്യം കുറക്കുന്നതായിരുന്നു പദ്ധതി. എന്നാൽ, ആനമതിൽ നിർമാണം ഇഴഞ്ഞുനീങ്ങുന്നതും സോളാർ വേലിയും തൂക്കുവേലിയും പരിചരണം ഇല്ലാതെ നശിച്ചതും വന്യമൃഗശല്യം രൂക്ഷമാക്കി. മണ്ണിന്റെ ഘടനയനുസരിച്ചുള്ള കൃഷിരീതി പരീക്ഷിക്കാനുള്ള തീരുമാനവും ലക്ഷ്യമെത്തിയില്ല. ഫാമിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കി പുനരധിവാസ മേഖലയിലുള്ളവർക്ക് തൊഴിൽ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

പരമ്പരാഗതമായി ഉപയോഗിക്കുന്ന വിത്തുകളുടെ കേന്ദ്രമാക്കി ഫാമിനെ മാറ്റാനും പദ്ധതിയുണ്ടായിരുന്നു. ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഫാമിൽനിന്ന് ലഭ്യമാക്കാനും പദ്ധതിയുണ്ടായിരുന്നു. നേരത്തെ ഫാമിന്റെ വരുമാനത്തിൽ മൂന്നിലൊന്നും ലഭിച്ചിരുന്നത് തെങ്ങിൽ നിന്നായിരുന്നു. പതിനായിരത്തിലധികം തെങ്ങുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 5000-ൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. പരിചരണകുറവ് മൂലം കുറച്ച് നശിച്ചപ്പോൾ കൂടുതലും നശിപ്പിച്ചത് കാട്ടാനകളാണ്. ദിനംപ്രതി 20-ലധികം തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തുന്നത്.

കൃഷിവ്യാപനപദ്ധതിയും മുടങ്ങി

തെങ്ങ്, കശുമാവ്, കമുങ്ങ് വ്യാപന പദ്ധതിയും ലക്ഷ്യം കണ്ടില്ല കൃഷിയിൽ നഷ്ടപ്രതാപം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ തെങ്ങ്, കമുങ്ങ്, കശുമാവ് വ്യാപനത്തിനായി 1.98 കോടിരൂപ വിനിയോഗിക്കാനും തീരുമാനിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കാനിരുന്ന ആവർത്തന കൃഷിയും നടപ്പിലായില്ല.

വൈവിധ്യവത്കരണത്തിലൂടെ വരുമാന വർധനവ് ലക്ഷ്യമിട്ട് പോത്ത് വളർത്തൽ പദ്ധതിക്കായി 21.12 ലക്ഷവും മാതൃ വൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന് 36.60 ലക്ഷം രൂപയും വിനിയോഗിക്കാനും പദ്ധതിയിട്ടിരുന്നു. കശുവണ്ടി സംസ്‌കരണ കേന്ദ്രത്തിന് 21.50 ലക്ഷവും ശാസ്ത്രീയ കൂൺ വളർത്തൽ പദ്ധതിക്കായി 33.30 ലക്ഷവും അനുവദിച്ചെങ്കിലും ഈ പദ്ധതികളൊന്നും ലക്ഷ്യം കണ്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!