തോൽവിയും വീഴ്ചകളും തുറന്നുസമ്മതിച്ച് തിരുത്ത് പ്രഖ്യാപിച്ച് എംഎ ബേബി, സിപിഎം വിജയപാതയിൽ തിരികെയെത്തുമെന്നും പ്രഖ്യാപനം; ഇഡിക്ക് രൂക്ഷ വിമർശനം
കോഴിക്കോട്: തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കടുത്ത തോൽവിയും തിരിച്ചടികളും ജനങ്ങൾക്ക് മുന്നിൽ തുറന്നുസമ്മതിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം കേരളത്തിൽ നടന്നെന്നും തോൽവിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നും ബേബി പറഞ്ഞു. സി പി എമ്മിൻ്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും സി പി എം ജനറൽ സെക്രട്ടറി തുറന്നുസമ്മതിച്ചു. വീഴ്ചകൾ എല്ലാം ഞങ്ങൾ തുറന്നു സമ്മതിക്കുമെന്നും ബേബി വ്യക്തമാക്കി. കോഴിക്കോട്ട് സംഘടിപ്പിച്ച സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അതിദാരിദ്ര്യം തുടച്ചുനീക്കുന്നത് ഉൾപ്പെടെ നിരവധി ചരിത്രനേട്ടങ്ങൾ കൈവരിച്ചിട്ടും അതിനെയെല്ലാം മറച്ചുവെച്ച് ഇടത് മുന്നണിക്കെതിരെ നഗ്നമായ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സി പി എമ്മും ആർ എസ് എസും തമ്മിൽ ധാരണയുണ്ടെന്ന തരത്തിൽ വ്യാജപ്രതീതി സൃഷ്ടിച്ചതും തീവ്രവലതുപക്ഷ വർഗീയ സാമുദായിക ഏകീകരണം നടന്നതുമാണ് തോൽവിയിലേക്ക് നയിച്ച പ്രധാന ഘടകങ്ങളെന്നും, ഇതിനൊപ്പം പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ചെറുതും വലുതുമായ പോരായ്മകൾ തുറന്നു സമ്മതിച്ച് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർ എസ് എസിന് വിമർശനം
ആർ എസ് എസുമായി സി പി എം ധാരണയുണ്ടാക്കിയെന്ന ആരോപണത്തെ ആർ എസ് എസ് അക്രമത്തിന് ഇരയായ പി ജയരാജനെ വേദിയിലിരുത്തി പരാമർശിച്ചാണ് ബേബി മറുപടി പറഞ്ഞത്. ആർ എസ് എസുകാരുടെ കൊലക്കത്തിക്ക് എത്രയോ സഖാക്കൾ ഇരയായിട്ടുണ്ടെന്നും അവരുടെ ക്രൂരമായ ആക്രമണത്തെ അതിജീവിച്ച പി ജയരാജൻ നമ്മോടൊപ്പം ഇവിടുണ്ടല്ലോ എന്നും ബേബി ഓർമ്മിപ്പിച്ചു. അക്രമരാഷ്ട്രീയത്തെക്കുറിച്ചുള്ള കെ കെ രമയുടെ വിമർശനങ്ങൾക്ക് മറുപടിയായി, ചരിത്രത്തിൽ ഏറ്റവും കൂടുതൽ അക്രമം ഏറ്റുവാങ്ങേണ്ടി വന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും മൊയാരത്ത് ശങ്കരനെ വധിച്ചത് കോൺഗ്രസുകാരാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം തിരിച്ചടിച്ചു.
ഇ ഡി കള്ളക്കഥ മെനയുന്നു
കേരളത്തിൽ സ്മാർട്ട് ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാജ വാർത്തകളും കള്ളക്കഥകളും വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. ഇപ്പോൾ പുതിയ രൂപത്തിൽ ഇ ഡി രംഗത്തെത്തി കള്ളക്കഥകൾ നിർമ്മിക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയെല്ലാം ഇ ഡിയെ ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും, പ്രതിസന്ധികളെ മറികടന്ന് സി പി എം വിജയപാതയിൽ തിരികെയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
