വൈദ്യുതി നിയന്ത്രണ സമയം രാത്രി 12.45 വരെ ദീർഘിപ്പിച്ച് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം രാത്രി 12.45 വരെ ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യമായി വരുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ കെഎസ്ഇബി അറിയിച്ചു.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിരുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായെന്ന് കെഎസ്ഇബി പറയുന്നു. കൂടാതെ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത തടസം നേരിട്ടതും തിരിച്ചടിയായി.
